
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരോടും കണ്ടക്ടറോടും ഡ്രൈവറോടും അപമര്യാദയായി പെരുമാറിയ രണ്ടു യുവതികളെയും ഒരു യുവാവിനെയും ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശി അശ്വതി (24), മാട്ടാഞ്ചേരി സ്വദേശി തസ്നി (24), എഴുകോൺ സ്വദേശി ജിബിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 1.30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിൽ കല്ലമ്പലത്ത് നിന്ന് 4 യുവതികളും ഒരു യുവാവും കയറി. സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തുടങ്ങിയ കലഹം അസഭ്യം വിളിയിലും കൈയാങ്കളിയിലും എത്തുകയായിരുന്നു. സ്ഥലകാല ബോധമില്ലാതെയുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്ന് കണ്ടക്ടർ പറഞ്ഞു.
സഹികെട്ട ജീവനക്കാർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ ഒരു യുവതി ബസിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി സ്ഥലം വിട്ടു. ബാക്കിയുള്ളവരെ സ്റ്റേഷനിൽ എത്തിച്ചു. അവിടെയെത്തിയപ്പോഴും മൂന്ന് പേർ അസഭ്യം വിളിക്കുകയായിരുന്നു. ഒരു യുവതി നോർമലായി പെരുമാറിയതിനാൽ അവർക്കെതിരെ കേസെടുത്തിട്ടില്ല.
മറ്രുള്ളവരെ മെഡിക്കലെടുക്കാനായി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹകരിക്കാതെ ബഹളം വയ്ക്കുകയായിരുന്നു. ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ബ്ലഡ് സാമ്പിൾ എടുത്തത്. മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് കരുതുന്നത്. ഇവർ ബന്ധുക്കളുമായി പിണങ്ങി കഴിയുന്നവരാണ്.