d

തിരുവനന്തപുരം: റെയിൽവേ ട്രാക്കിനോട് ചേർന്ന് ചിറകറ്റുവീണ വെള്ളിമൂങ്ങയെ രക്ഷിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ. തമ്പാനൂർ, പേട്ട റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കഴിഞ്ഞ ദിവസമാണ് വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെ സിഗ്നൽ പരിശോധനയ്‌ക്കുപോയ സംഘമാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടെത്തിയത്. ഇവർ തമ്പാനൂർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടർന്ന് ആർ.പി.എഫ് ഇൻസ്‌പെക്ടർ ജെ. അജിത് കുമാർ, എസ്.ഐ ജി. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വെള്ളിമൂങ്ങയുടെ ഒരു ചിറക് അറ്റുപോയതായി കണ്ടെത്തി. ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.

വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉടൻ സ്ഥലത്തെത്താൻ കഴിയില്ലെന്ന് അറിയിച്ചതിനാൽ ആർ.പി.എഫ് സംഘം വെള്ളിമൂങ്ങയെ പേട്ട മൃഗാശുപത്രിയിലെത്തിച്ചു. അവിടെ മതിയായ ചകിത്സാ സംവിധാനങ്ങളില്ലാതിരുന്നതിനാൽ പി.എം.ജി മൃഗാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം വനംവകുപ്പിന് കൈമാറുകയായിരുന്നു. ഒരു ചിറക് അറ്റുപോയതിനാൽ വെള്ളിമൂങ്ങയ്ക്ക് ഇനി പറക്കാൻ കഴിയില്ല. വനത്തിൽ ഉപേക്ഷിച്ചാൽ മറ്റ് പക്ഷികളോ മൃഗങ്ങളോ ആക്രമിക്കാൻ സാദ്ധ്യതയുള്ളതിനാൽ വനംവകുപ്പ് ആസ്ഥാനത്തോ മൃഗശാലയിലോ സുരക്ഷിതമായി സംരക്ഷിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ ഉറപ്പുനൽകി.