 തട്ടിപ്പ് നടന്നതായി നഗരസഭയിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തുവന്നിട്ടും തട്ടിപ്പ് തടയാനുള്ള നടപടിക്ക് താഴിട്ട് പൂട്ടി നഗരസഭയിലെ പട്ടികജാതി വകുപ്പ് ഓഫീസ്. ജനകീയാസൂത്രണ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി പട്ടികജാതി ആനുകൂല്യം നൽകുന്നതിലും ഉപയോഗിക്കണമെന്ന നിർദ്ദേശം നേരത്തെ നൽകിയിരുന്നു. എന്നാൽ ഈ രീതിയിലേക്ക് കൊണ്ടുവരാൻ ഓഫീസ് മുൻകൈയെടുത്തിട്ടില്ല.

വാർഡുസഭ വഴി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക, ഗുണഭോക്താക്കൾക്കുള്ള ഫണ്ടുകൾ കൗൺസിൽ വഴി പാസാക്കുക എന്നീ നിർദ്ദേശങ്ങളാണ് നഗരസഭ പട്ടികജാതി വകുപ്പ് ഓഫീസർക്ക് നൽകിയത്. ഇതുവഴി പട്ടികജാതി ഫണ്ടുകൾ അനർഹരുടെ കൈകളിലെത്തുന്നത് തടയാനാകും. പട്ടികജാതി വിഭാഗക്കാർക്കായി നഗരസഭയും പട്ടികജാതി വകുപ്പും പ്രത്യേകം ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. നഗരസഭാ ഫണ്ട് അനുവദിക്കുന്നത് കൗൺസിലർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ വകുപ്പ് നേരിട്ട് നൽകുന്ന ഫണ്ട് നഗരസഭയാണ് വിതരണം ചെയ്യുന്നതെങ്കിലും കൗൺസിലർമാർ പലപ്പോഴും ഇക്കാര്യം അറിയാറില്ല. എസ്‌.സി പ്രൊമോട്ടർമാരാണ് ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യം നൽകുന്നത്. പ്രൊമോട്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മാത്രമാണ് ഇക്കാര്യം അറിയുന്നത്. ഈ രീതി മറയാക്കിയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരുന്നത്.

ലോക്കൽ ഫണ്ട് ഓഡിറ്റിലും വ്യാപക

ക്രമക്കേടുകൾ കണ്ടെത്തി

2019-20 ലോക്കൽ ഫണ്ട് ഓഡിറ്റിലും നഗരസഭയിലെ പട്ടികജാതി വികസന ഓഫീസിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്നും തട്ടിപ്പ് തകൃതിയായി നടന്നതായി റിപ്പോർട്ടിലുണ്ട്. തട്ടിപ്പ് തുടങ്ങി നാലുവർഷം പിന്നിടുമ്പോഴാണ് പല കഥകളും പുറത്തുവരുന്നത്.

ഓഡിറ്റിലെ പ്രധാന കണ്ടെത്തൽ

 വിവാഹ ധനസഹായത്തിനായി പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള മതിയായ രേഖപ്പെടുത്തലുകൾ, ഓഫീസറുടെ സീൽ എന്നിവയില്ലാതെ പട്ടികജാതി വികസന ഓഫീസർക്കുവേണ്ടി ചട്ടങ്ങൾ മറികടന്ന് മറ്റൊരാൾ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമാണ് പല അപേക്ഷകളിലും ഹാജരാക്കിയിരിക്കുന്നത്

 2019 -20 കാലയളവിൽ 45 ലക്ഷം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായിട്ടാണോയെന്ന് രേഖയില്ല. മതിയായ രേഖപ്പെടുത്തലുകൾ, സീൽ എന്നിവയില്ലാതെ ആനുകൂല്യം നൽകാനുണ്ടായ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും ഓഡിറ്റ് വിഭാഗം നിർദ്ദേശിച്ചു

 പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വാങ്ങി നൽകുന്നതിനായുള്ള പദ്ധതി പരിമിതപ്പെടുത്തി.

ഏറ്റവും ആദ്യം അർഹരായവർക്ക് നൽകുകയെന്ന മാനദണ്ഡം ലംഘിച്ചാണ് പദ്ധതി നിർവഹണം നടത്തിയിരിക്കുന്നത്.

 2019-20 സാമ്പത്തിക വർഷം വിവാഹ ധനസഹായം നൽകിയവരുടെ ലിസ്റ്റ് പരിശോധിച്ചതിൽ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും പട്ടികജാതി വികസന വകുപ്പിൽ നിന്നും ആനുകൂല്യം ലഭിച്ചതിൽ ഒരേ പേരിൽ 10 ഗുണഭോക്താക്കൾ വന്നിട്ടുണ്ട്.

 ആനുകൂല്യം നൽകിയവരുടെ പൂർണമായ വിവരം സൂക്ഷിച്ചിട്ടില്ല.

തട്ടിപ്പിന് എളുപ്പമായി സോഫ്റ്റ്‌വെയറും

ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബിംസ് സോഫ്റ്റ്‌വെയറിൽ ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ലിസ്റ്റിൽ പറയുന്ന ഗുണഭോക്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണോ പണം പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. ഇത് മറയാക്കിയാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നത്.