
വർക്കല: അയിരൂർ ചാവടിമുക്കിൽ മാതൃസഹോദരന്റെ വെട്ടേറ്റ് മരിച്ച ഷാലുവിന്റെ (37) വേർപാട് നാടിന്റെ നൊമ്പരമായി മാറി. ഇക്കഴിഞ്ഞ 29ന് ഉച്ചയ്‌ക്ക് രണ്ടോടെയാണ് ഷാലുവിനെ മാതൃസഹോദരനായ അനിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിച്ചത്. എല്ലാവരോടും പുഞ്ചിരിയോടെ സംസാരിച്ചിരുന്ന ഷാലുവിന്റെ ആകസ്‌മിക വേർപാടിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
മൂന്നുവർഷമായി അയിരൂരിലെ പൂർണ പബ്ലിക്കേഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലിനോക്കി വരികയായിരുന്നു ഷാലു. നാട്ടിൽ പ്ലംബിംഗ് ജോലി ചെയ്യുകയായിരുന്ന ഭർത്താവ് സജീവ് ഒരുവർഷം മുമ്പാണ് വിദേശത്തേക്ക് പോയത്. ഷാലുവിന്റെ പിതാവ് ശശിധരൻ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നുവർഷം മുമ്പാണ് മരിച്ചത്. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറായ അമ്മ വസന്തകുമാരിക്ക് ഷാലു ഉൾപ്പെടെ മൂന്നു പെൺമക്കളാണുള്ളത്. ഇലകമൺ പഞ്ചായത്തിലെ കുടുംബശ്രീയിലെ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മൂത്ത മകൾ ഷാലി, ഇളയ ആൾ ശരണ്യ എന്നിവരും വിവാഹിതരാണ്.
കുടുംബവീടായ തൈപ്പൂയത്തിൽ ഷാലുവിന്റെ മാതാവ് വസന്തകുമാരി മാത്രമാണ് താമസം. പനയറ സ്‌കൂളിന് സമീപത്തെ വാടക വീട്ടിൽ മക്കളായ കാർത്തിക്ക് ( 13), ജീവ കൃഷ്ണ( 10) എന്നിവർക്കൊപ്പമായിരുന്നു ഷാലു താമസിച്ചിരുന്നത്. രാവിലെ 10ഓടെ ജോലിസ്ഥലത്തേക്ക് പോകുന്ന ഷാലു പതിവായി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്ക അവസ്ഥയിലായിരുന്നു ഷാലുവിന്റ കുടുംബം. ജോലികൾ കൃത്യതയോടെ പൂർത്തീകരിക്കുന്ന കാര്യത്തിൽ ഷാലു എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നെന്ന് പ്രസിലെ സഹപ്രവർത്തകരും മാനേജ്മെന്റും പറയുന്നു. അറസ്റ്റിലായ മാതൃസഹോദരൻ അനിൽ ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അയിരൂർ സി.ഐ ശ്രീജേഷ് പറഞ്ഞു.
വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ഷാലുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. വി. ജോയി എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.