പോത്തൻകോട്: ചന്തവിളയിൽ ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്ത കേസിലെ പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തു. മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാനാണ് (29) പിടിയിലായത്. ഇക്കഴിഞ്ഞ 30നാണ് റഹീസ് ഖാൻ ഭാര്യ നൗഫിയയുടെ ചന്തവിളയിലുള്ള വീട് രാത്രി ഒന്നോടെ അടിച്ചുതകർത്തത്.

കുറച്ചുദിവസം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാ പിതാവ് പൊലീസിൽ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന ഇയാൾ വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ പേടിച്ച് ഭാര്യയും കുട്ടികളും മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ഭാര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്നാണ് ഭാര്യയുടെ വീടും ഭാര്യയുടെ ബന്ധുവായ കണിയാപുരം സ്വദേശി സക്കീറിന്റെ വീടും വാഹനവും റഹീസും രണ്ട് ഗുണ്ടകളും ചേർന്ന് അടിച്ചുതകർത്തത്. ജനലുകളും വാതിലും ടി.വി അടക്കമുള്ള വീട്ടുപകരണങ്ങളും ടോയ്‌ലെറ്റും ഇവർ തകർത്തിരുന്നു.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കന്യാകുളങ്ങരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു. കേസിലെ മറ്റു രണ്ട് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.