
പാറശാല: സംഘം ചേർന്നെത്തിയവർ ആശുപത്രി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. ആറ് പേർക്ക് പരിക്കേറ്റു. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ തർക്കത്തിനിടെയാണ് കൊല്ലത്ത് നിന്നുള്ള വിനോദയാത്രാസംഘം, ജീവനക്കാരെ കൈയേറ്റം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ പാറശാല പവതിയാൻവിളയ്ക്ക് സമീപത്തായിരുന്നു സംഭവം.തമിഴ്നാട്ടിലെ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലത്ത് നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.കൊല്ലത്തേക്ക് തിരികെ പോകുന്നതിനിടെ സംഘം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.സംഭവത്തിൽ പ്രതികളായ കൊല്ലം ചവറ സ്വദേശികളായ അരവിന്ദ്, സന്ദീപ്, രാമചന്ദ്രൻ, ഗിരീശൻ, മനോജ്, സുരേഷ് കുമാർ എന്നിവർക്കെതിരെ പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.