jayaprakas
ഡോ.സി.എ.ജയപ്രകാശ്

കണ്ടെത്തൽ ശ്രീകാര്യം കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ

തിരുവനന്തപുരം: മരച്ചീനി ഇലയിൽ നിന്ന് ജൈവകീടനാശിനി നിർമ്മിക്കുന്നതിനൊപ്പം വൈദ്യുതിയും ഉത്പാദിപ്പിക്കാമെന്ന് ശ്രീകാര്യത്തെ ദേശീയ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ മലയാളി ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ വൈദ്യുതി ഉപയോഗിച്ച് ട്യൂബ് ലൈറ്റ് കത്തിച്ചു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് ഒരു രൂപയിൽ താഴെ മാത്രം വിലനൽകിയാൽ മതിയാവും. ഇവിടത്തെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി.എ.ജയപ്രകാശ്, സീനിയർ സയന്റിസ്റ്റ് കൃഷ്ണകുമാർ, ജോസഫ് ടോം, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പുതിയ ചുവടുവയ്‌പ് നടത്തിയത്.

മരച്ചീനി വിളവെടുക്കുമ്പോൾ കളയുന്ന ഇലയും തണ്ടും ഉപയോഗിച്ച് ജൈവകീടനാശിനി നിർമ്മിക്കാനുള്ള ഇവരുടെ ഗവേഷണം വൈദ്യുതി ഉത്പാദനത്തിലേക്കും എത്തുകയായിരുന്നു. മരച്ചീനി ഇലയിൽ നിന്ന് ജൈവ കീടനാശിനിയുണ്ടാക്കുന്ന ഫാക്ടറികളിൽ മാത്രമാണ് ഇത്തരത്തിൽ വൈദ്യുതി ഉണ്ടാക്കാനാവുക. നിർമ്മാണച്ചെലവും കുറവാണ്. സോളാർ വൈദ്യുതി പോലെയോ മറ്റോ സ്വതന്ത്രമായി ഇത് നിർമ്മിക്കാനാവില്ല.

5 കിലോ ഇല,ഒരു യൂണിറ്റ് വൈദ്യുതി

അഞ്ച് കിലോ മരച്ചീനി ഇലയുടെ മാലിന്യം ഉപയോഗിച്ച് ഒരുയൂണിറ്റ് വൈദ്യുതിയുണ്ടാക്കാം.

മരച്ചീനി ഇലയിൽ നിന്ന് ജൈവകീടനാശിനി ഉണ്ടാക്കുന്ന പ്ളാന്റ് പുറംന്തള്ളുന്ന മാലിന്യമാണ് ഉപയോഗിക്കുന്നത്. ഇതിൽ ചാണകം തളിക്കും. ചാണകത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം മീഥെയ്ൻ വാതകം ഉണ്ടാകും. (മെത്തനോജനസിസ് എന്ന പ്രക്രിയ ). ഇതിൽ കാർബൺ ഡയോക്സൈഡ് പോലുള്ള മറ്റ് വാതകങ്ങളും കലർന്നിരിക്കും. ഇത് സ്ക്രബിൾ ടണലിലൂടെ കടത്തിവിട്ട് ശുദ്ധ മീഥെയ്ൻ വാതകം നിർമ്മിക്കാം. മീഥെയ്‌ൻ വാതകം ജ്വലിപ്പിച്ച് ജനറേറ്റർ കറക്കിയാണ് വൈദ്യുതി ഉണ്ടാക്കുന്നത് .യന്ത്രത്തിന് ഒരുലക്ഷം രൂപയോളം ചെലവ് വരും.

പേറ്റന്റ് എടുക്കും

പേറ്റന്റ് എടുത്ത ശേഷം കേന്ദ്രസർക്കാർ അനുമതിയോടെ സാങ്കേതികവിദ്യ സ്വകാര്യകീടനാശിനി പ്ളാന്റുകൾക്ക് കൈമാറും.ചെന്നൈയിൽ പ്ളാന്റ് തുടങ്ങുന്ന ആസ്ട്രേലിയൻ കമ്പനി ഉൾപ്പെടെ സാങ്കേതിക വിദ്യയ്‌ക്കായി സമീപിച്ചിട്ടുണ്ട്.

ഡോ.സി.എ.ജയപ്രകാശ്

പൊന്നാനിയിലെ ചെറുവണ്ടശ്ശേരി അറുമുഖന്റെയും ജാനകിയുടെയും മകനായ ജയപ്രകാശ് കേരളസർവ്വകലാശാലയിൽ എന്റമോളജിയിൽ ഗവേഷണം പൂർത്തിയാക്കിയാണ് കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെത്തിയത്. വേളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ബിന്ദുവാണ് ഭാര്യ.ഏകമകൾ രാധിക പാലക്കാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. വിദ്യാർത്ഥി.

മുഖം തിരിച്ച് സർക്കാർ

മരച്ചീനിയുടെ ഇല, തണ്ട്, കിഴങ്ങ് എന്നിവ ഉപയോഗിച്ച് കീടനാശിനി, മരുന്ന് തുടങ്ങി ഒരു ഡസനിലേറെ ഉത്പന്നങ്ങളാണ് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. ഇതൊന്നും സർക്കാർ കർഷകർക്കായി പ്രയോജനപ്പെടുത്തുന്നില്ല. കീടനാശിനിക്ക് വൻ ഡിമാൻഡാണ്. ഇത് വൻതോതിൽ നിർമ്മിക്കാൻ 2018ൽ പദ്ധതിയിട്ടു.നാലര കോടി ചെലവിൽ എറണാകുളത്ത് പ്ളാന്റ് സ്ഥാപിക്കാനായിരുന്നു അനുമതി. ചുവപ്പുനാടയിൽ കുരുങ്ങി നിലച്ചു. പേറ്റന്റുള്ള ഇത് സ്വന്തമാക്കാൻ സ്വകാര്യ കമ്പനികൾ രംഗത്തുണ്ട്.