
കല്ലമ്പലം: കിടപ്പു രോഗികളെ പരിചരിക്കാൻ സ്വന്തമായി മെഡിക്കൽ സംഘം രൂപവത്കരിച്ച് കാരുണ്യവഴിയിൽ ഒരു റസിഡന്റ്സ് അസോസിയേഷൻ. കല്ലമ്പലം കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷനാണ് സാന്ത്വന പരിചരണ രംഗത്ത് സജീവമായത്. അസോസിയേഷന്റെ പ്രദേശത്തുള്ള കിടപ്പ് രോഗികൾക്ക് വീടുകളിൽ ചികിത്സ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി 200 വീടുകളിൽ നിന്ന് സേവന സന്നദ്ധരായ മുപ്പതോളം യുവതീയുവാക്കളാണ് ഇതിനായി മുന്നോട്ടുവന്നത്.
രണ്ട് അലോപ്പതി ഡോക്‌ടർമാരും ഒരു ആയുർവേദ ഡോക്ടറും ആറ് നഴ്സുമാരും നാല് ഫാർമസിസ്റ്റുകളും ലാബ് ടെക്‌നീഷ്യൻമാരും ഉൾപ്പെടുന്ന മെഡിക്കൽ ടീം രൂപവത്‌ക്കരിച്ചു. ഇവർക്കൊപ്പം പ്രവർത്തിക്കാൻ ഇരുപതിലധികം ചെറുപ്പക്കാരും ചേർന്നതോടെ സാന്ത്വന ചികിത്സയ്‌ക്ക് വലിയ ടീമിനെ തന്നെ സൗഹൃദയ്‌ക്ക് ലഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കിടപ്പുരോഗികൾക്ക് എയർ ബെഡ്, വീൽച്ചെയർ, അഡ്‌ജസ്റ്റബിൾ കട്ടിൽ എന്നിവ സൗഹൃദ പാലിയേറ്റീവ് കെയർ നൽകും. അസോസിയേഷനിലുള്ളവരും മറ്റുള്ളവരും സംഭാവനയായാണ് ഉപകരണങ്ങൾ നൽകിയത്. ആദ്യം അസോസിയേഷന്
കീഴിലുള്ള കിടപ്പുരോഗികൾക്കാണ് നൽകുന്നത്. തുടർന്നിത് അടുത്ത ആളിലേക്ക് കൈമാറുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭാവിയിൽ പ്രവർത്തനം വ്യാപിക്കുമ്പോൾ അസോസിയേഷന്റെ പുറത്തും സഹായം എത്തിക്കും.