
കാട്ടാക്കട: കാട്ടാക്കട താലൂക്കിൽ പ്രധാനറോഡുകളിലും ഇടറോഡുകളിലും ഗതാഗതതടസമുണ്ടാക്കി തടകൾ കൂട്ടിയിടുന്നതായി പരാതി. ടൂറിസ്റ്റ് കേന്ദ്രമായ കാട്ടാക്കട- നെയ്യാർഡാം റോഡ്, കള്ളിക്കാട്-പരുത്തിപ്പള്ളി റോഡ്, തിരുവനന്തപുരം റോഡ്, കാട്ടാക്കട- മംഗലയ്ക്കൽ റോഡ് എന്നിവിടെയെല്ലാം ഇത്തരത്തിൽ തടിക്കൂനകൾ കാണാൻകഴിയും. ഈ റോഡുകളിലാണ് പ്രധാനമായും ഗതാഗത തടസ്സമുണ്ടാക്കി തടിക്കൂനകൾ കിടക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി റോഡിൽ പരുത്തിപ്പള്ളിയിൽ തടിക്കൂനയിൽ ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യമുണ്ടായത്. അന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥലത്തെത്തി ഉടൻ നടപടിയെടുക്കും എന്നറിയിച്ചതല്ലാതെ യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. മിക്ക സമയങ്ങളിലും വൻ തിരക്കനുഭവപ്പെടുന്ന ഈ റോഡുകളിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ നീക്കം ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതുവായ ആവശ്യം.
കള്ളിക്കാട് മുതൽ വീരണകാവ് വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ വാണിജ്യ ആവശ്യങ്ങൾക്കായി തടികൾ മുറിച്ച് റോഡ് വക്കിൽ കൂനകളാക്കി മാറ്റി വയ്ക്കുകയാണ്. ഇത് യഥാസമയം മാറ്റാത്തതുകാരണം നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. സമാന്തരമായി വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രാക്കാരും ഇരുചക്ര വാഹന യാത്രാക്കാരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. ചിലയിടങ്ങളിൽ തടികൾ മാറ്റിയ വലിയ കുഴികളിൽ വീണും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. തടി മില്ലുകളിലും ഇതുപോലെ റോഡിന്റെ വശങ്ങളിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നത് അപകടമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പ്രധാന റോഡിൽ ഇത്തരത്തിൽ അനധികൃതമായി തടികൾ ഇറക്കി വയ്ക്കുന്നവർക്കെതിരെ പി.ഡബ്ലിയു.ഡി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
റോഡിൽ അനധികൃത കൈയേറ്റങ്ങൾ കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തോ പി.ഡബ്ലിയു.ഡി അധികൃതരോ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.