
ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് നിലനിൽപ്പിനായി നെട്ടോട്ടമോടുകയാണ്. സംഘങ്ങളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയൊന്നും നടപ്പായില്ല. പ്രതിദിനം 150 രൂപപോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്ന സംഘങ്ങളിലെ തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിച്ച് നൽകണം.
കൈത്തറിമേഖലയുടെ സംരക്ഷണത്തിന് വർഷങ്ങൾക്ക് മുൻപ് എൽ.ഡി.എഫ് സർക്കാർ ഒട്ടേറെ നടപടികൾ കൈക്കൊണ്ടെങ്കിലും പിന്നീട്‌വന്ന യു.ഡി.എഫ് സർക്കാർ അവയൊന്നും പ്രാവർത്തികമാക്കിയില്ല. ഇപ്പോഴത്തെ സർക്കാരിന്റെ കഴിഞ്ഞ ടേമിൽ കൈത്തറിവസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം.
4800 ലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ചിറയിൻകീഴ് താലൂക്കിൽ ഇന്ന് 100 ൽ താഴെയാണ് ഉള്ളത്. സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏൽപ്പിച്ചതുകൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിൽക്കുന്നത്. പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി. ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 1000രൂപ കൊടുക്കണം എന്നാൽ പവർലൂമിലെ മുണ്ടിന് 300രൂപയേ വിലയുള്ളൂ. യൂസ് ആൻഡ് ത്രോ സംസ്കാരം വന്നതോടെ ഗുണമേന്മ ജനം നോക്കാതായി. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ ചിതലരിക്കുകയാണ്.