aasauda-veedu

വക്കം: കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി ആശയുടെ പ്രാർത്ഥന സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് വേണമെന്നതാണ്. രണ്ട് മക്കളുമായി കഴിഞ്ഞ ഒൻപത് വർഷമായി ഇതിനുവേണ്ടി വാർഡ് മെമ്പർ മുതൽ കളക്ടർ, എം.എൽ.എമാർക്ക് വരെ പരാതി നൽകി.യാതൊരു പ്രയോജനവുമുണ്ടായില്ല. പന്ത്രണ്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയ ആശ വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്.

ആശ ജോലിക്ക് പോയാൽ വീട്ടിൽ സുരക്ഷിതത്വമില്ലാത്തതിനാൽ മകൾ ആതിരയെ കൊല്ലത്തുള്ള ഹോസ്റ്റലിൽ നിറുത്തിയാണ് പഠിപ്പിക്കുന്നത്. മകൻ വിഷ്ണു എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇവർ ഇപ്പോൾ താമസിക്കുന്ന സ്ഥലം ആശയുടെ മാതാപിതാക്കളുടെ പേരിലാണ്. അച്ഛൻ പന്ത്രണ്ട് കൊല്ലം മുൻപ് നാടുവിട്ടുപോയി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കൂട്ടുപ്രമാണമായതിനാൽ ഒറ്റ പ്രമാണമാക്കിയാൽ മാത്രമേ വീടുവയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്. അച്ഛനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിൽ പരസ്യം ചെയ്ത് ഒരാഴ്ച കഴിഞ്ഞ് ഇവരുടെ പേരിലേക്ക് വസ്തു മാറ്റാം എന്നാണ് കളക്ടർ പറയുന്നത്. എന്നാൽ ഇതിനുള്ള സാമ്പത്തികസ്ഥിതി ആശയ്ക്കില്ല.

മറ്റൊരു പ്രശ്നം കുന്നിന്റെ താഴെയാണ് ഇവരുടെ സ്ഥലം. ഇവിടെ വീട് വയ്ക്കണമെങ്കിൽ കുന്നിനോട് ചേർന്ന് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചാൽ മാത്രമേ പഞ്ചായത്ത് അനുമതി നൽകൂ. ഇതിനുള്ള ഫണ്ട് അനുവദിച്ചില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. തങ്ങളെ സഹായിക്കാൻ സുമനസുകൾ കനിയണമെന്നാണ് ആശയുടെ അഭ്യർത്ഥന.