
തിരുവനന്തപുരം: 'ഉല്ലാസ ഗണിതവും ഗണിത വിജയവും, വീട്ടിലും വിദ്യാലയത്തിലും' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഒന്ന് മുതൽ നാല് വരെ ക്ളാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ഓരോ ക്ളാസിലും എട്ടു വീതം ആക്ടിവിറ്റികളാണ് പഠനവുമായി ബന്ധപ്പെട്ടുണ്ടാവുക. ഗെയിം ബോർഡുകൾ, സംഖ്യാ കാർഡുകൾ, ഡയസ് കട്ടകൾ തുടങ്ങി വീട്ടിലെ അന്തരീക്ഷത്തിലിരുന്ന് കണക്കുമായി കൂട്ടുകൂടാൻ പറ്റുന്ന പഠനസഹായികളടങ്ങിയ കിറ്റുകൾ കുട്ടികൾക്ക് നൽകുന്നതിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു.
ഗണിതം പാർക്കിന് പിന്നാലെയാണ് നേമം യു.പി.എസിലെ കുട്ടികൾക്കായി ഉല്ലാസ ഗണിതവും ഗണിത വിജയവും പദ്ധതിയും എത്തുന്നത്. സംസ്ഥാനത്താകെ 13 ലക്ഷം കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷനായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ചന്തുകൃഷ്ണ, ടി. മല്ലിക, പഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ, പൊതുവിജ്ഞാന സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ എസ്. ജവാദ്, എസ്.എം.സി ചെയർമാൻ വി. മനു, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, വിദ്യാർത്ഥി പ്രതിനിധി കെ.എം. ഹരികൃഷ്ണൻ, എസ്.എസ്.കെ അഡീഷണർ ഡയകറക്ടർ ആർ.എസ്. ഷിബു, ബി. ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.