
തിരുവനന്തപുരം: കെ- റെയിൽ കണക്കാക്കിയിരിക്കുന്നത് 63,940 കോടിയാണെങ്കിലും സിൽവർലൈൻ പദ്ധതിയുടെ ചെലവ് രണ്ടേകാൽ ലക്ഷം കോടി വരെ ഉയരാമെന്ന് ബദൽ സംവാദത്തിൽ വിദഗ്ദ്ധർ. പാലങ്ങൾ, കലുങ്കുകൾ, ടണലുകൾ എന്നിവയ്ക്കെല്ലാമുള്ള ചെലവ് ഡി.പി.ആറിൽ കുറച്ചുകാട്ടിയിരിക്കുകയാണെന്ന് ശ്രീധർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ചെലവുകൾ കൃത്യമായി ചേർത്താൽ 2.25ലക്ഷം കോടിയായി ഉയരും. 93ശതമാനം പാതയും ഉറപ്പില്ലാത്ത മണ്ണിലായിട്ടും നിർമ്മാണങ്ങൾക്ക് ഉറപ്പുള്ള മണ്ണിൽ വേണ്ട തുകയാണ് വകയിരുത്തിയത്. ഭൂമിവിലയും കുറച്ചു കാട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിച്ചെലവ് ഒന്നര ലക്ഷം കോടിയാവുമെന്ന് അലോക് കുമാർ വർമ്മ വിലയിരുത്തി. 1.20 ലക്ഷം കോടിയാവുമെന്നാണ് നീതിആയോഗിന്റെ കണക്കുകൂട്ടൽ. പ്രതിദിനം 80,000 യാത്രക്കാരുണ്ടാവുമെന്ന അവകാശവാദം പൊള്ളയാണ്. സാമ്പത്തികമായും സാങ്കേതികമായും പാരിസ്ഥിതികമായും മുന്നോട്ടു കൊണ്ടുപോകാനാവാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ കണ്ണടച്ച് എതിർക്കരുതെന്നും സാമ്പത്തിക വളർച്ചയുണ്ടാക്കാൻ സിൽവർലൈനിന് കഴിയുമെന്നും എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.