
തിരുവനന്തപുരം: 65 അദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും 15 ഒഴിവിലേക്ക് മാത്രം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി കെമിസ്ട്രിയിൽ തസ്തിക മാറ്റം വഴിയുള്ള ജൂനിയർ അദ്ധ്യാപക നിയമനത്തിലാണിത്..
2017, 2018, 2019 വർഷങ്ങളിലുണ്ടായ 15 ഒഴിവിലേക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അദ്ധ്യാപകരെ ക്ഷണിച്ചിരിക്കുന്നത്. ആകെയുള്ള 333 കെമിസ്ട്രി അദ്ധ്യാപക ഒഴിവുകളിൽ 83 എണ്ണമാണ് തസ്തിക മാറ്റം വഴിയുള്ളത്. ബാക്കി പി.എസ്.സി വഴി നേരിട്ടുള്ളതാണ്. ഇപ്പോഴുള്ള 65 ഒഴിവിലേക്കും നിലവിലെ അപേക്ഷകരിൽ നിന്ന് നിയമനം നടത്തണമെന്നാണ് കെമിസ്ട്രി അദ്ധ്യാപകർ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ വരുന്ന അദ്ധ്യയനവർഷവും താത്കാലികക്കാർ കുട്ടികളെ പഠിപ്പിക്കും.
തസ്തികമാറ്റം വഴിയുള്ള ജൂനിയർ അദ്ധ്യാപക പോസ്റ്റിലേക്ക് 2021 ഫെബ്രുവരിയിൽ അപേക്ഷ വിളിച്ചതാണ്. 2020 വരെ യോഗ്യത നേടിയ 'സെറ്റ്' ജയം ഇല്ലാത്ത 12, 'സെറ്റ്' ജയിച്ച 280 ഹൈസ്‌കൂൾ, 91 പ്രൈമറി അദ്ധ്യാപകർ അപേക്ഷിച്ചു. അവരുടെ താത്കാലിക സീനിയോറിറ്റി പട്ടിക കഴിഞ്ഞ മാസം ഏഴിന് പ്രസിദ്ധീകരിച്ചു. സർവീസിന്റെ അവസാന വർഷങ്ങളിൽ എത്തിയ ഒട്ടേറെപ്പേരും അതിലുണ്ട്. പി.ജിയും 'സെറ്റും' ഉള്ള ഹൈസ്‌കൂൾ അദ്ധ്യാപകർക്കാണ് തസ്തിക മാറ്റ നിയമനം നൽകേണ്ടത്. അവരുടെ അഭാവത്തിൽ പ്രൈമറി അദ്ധ്യാപകർക്കു നൽകണം.