
കാട്ടാക്കട: വേനൽ മഴയ്ക്കൊപ്പമുള്ള കാറ്റിൽ ഗ്രാമീണ മേഖലയിൽ വ്യാപക നാശം.മരങ്ങൾ കടപുഴകി വീണ് നാല് വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വൈദ്യുത ബന്ധവും നിലച്ചു. പല മേഖലകളിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. കുറ്റിച്ചൽ മന്തിക്കളം, മുണ്ടൻചിറ പ്രദേശത്ത് റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മന്തിക്കളം സ്വദേശി ആനന്ദ് കൃഷ്ണന്റെ വീടിന് മുകളിലൂടെ ആഞ്ഞിലിമരം ഒടിഞ്ഞുവീണ് മേൽക്കൂര തകർന്നു. വീട്ടിലുള്ളവർ സംഭവ സമയത്ത് പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. പാസ്റ്റർ ബിജു, സനൽ കുമാർ എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് നാശം സംഭവിച്ചു. കുറ്റിച്ചൽ പേഴുംമൂട് പ്രദേശത്ത് മരം വൈദ്യുതി ലൈനിന് മുകളിൽ വീണ് ഗതാഗതം നിലച്ചു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.ആര്യനാട്, പള്ളിവേട്ട, കടുവാക്കുഴി പ്രദേശത്തും മരങ്ങൾ വീണ് നാശം സംഭവിച്ചു.