
മലയിൻകീഴ്: മലയിൻകീഴ് വീണ്ടും പുലിപ്പേടിയിൽ. കാണവിള കീഴ്‌മന മഠം ക്ഷേത്രത്തിന് സമീപത്തെ കുളത്തിന്റെ കരയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മീൻ വളർത്തുന്ന ചെറിയ കുളത്തിന്റെ കരയിലാണ് കാൽപ്പാടുകൾ പല സ്ഥലത്തായി കണ്ടെത്തിയത്.
രണ്ട് ഏക്കർ സ്ഥലത്ത് പാഴ്ച്ചെടികൾ വളർന്ന് ഇറങ്ങി കാടുപോലെയാണ് കിടക്കുന്നത്. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായരും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിയും ചേർന്ന് സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.
ഇക്കഴിഞ്ഞ 29ന് പുലർച്ചെ 3ഓടെ ശാന്തുമൂല ശ്രീനാരായണ ലെയ്‌നിൽ ശാന്തിനഗറിന് സമീപം ക്രിസ്തുദാസിന്റെ വീട്ടിലെ 6 കോഴികളെ അജ്ഞാതജീവി കൊന്നിരുന്നു.
സ്റ്റെയറിനടിയിലെ ഇരുമ്പ് ഗ്രില്ലുകൾ കൊണ്ട് നിർമ്മിച്ച കൂട് പൊളിച്ചാണ് കോഴികളെ പിടിച്ചത്. ക്രിസ്തുദാസിന്റെ വീടിന് സമീപത്തെ സി.സി ടിവി പരിശോധിച്ചതിൽ നിന്ന് പുലിയോട് രൂപസാദൃശ്യമുള്ള ഒരു ജീവിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വിവരം പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ ആരും സ്ഥലത്തെത്തിയിട്ടില്ല. അതിനിടയിലാണ് വീണ്ടും ജനങ്ങളിൽ പുലി ഭീതി ഉയരുന്നത്.