cbi

സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസിൽ പിടിമുറുക്കുകയാണ് സി.ബി.ഐ. പ്രതിസ്ഥാനത്ത് ചില്ലറക്കാരൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തിലെ ഉന്നതനായ കോൺഗ്രസ് നേതാവും കേരളത്തിലെ അത്യുന്നത കോൺഗ്രസ് നേതാക്കളും രണ്ട് കോൺഗ്രസ് എം.പിമാരുമാണ്. കേരളത്തിലെ കോൺഗ്രസിന് വലിയ ക്ഷതമായി മാറിയ ഈ കേസിൽ കടുത്ത നടപടികളിലേക്ക് സി.ബി.ഐ കടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ കേസിലെ സീൻ മഹസർ തയ്യാറാക്കാൻ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നാലരമണിക്കൂർ സി.ബി.ഐ പരിശോധന നടത്തിയത് കഴിഞ്ഞദിവസമാണ്. പരാതിക്കാരിയുമായി ക്ലിഫ്ഹൗസിനുള്ളിലും പരിസരത്തും പരിശോധന നടത്തി. ചീഫ്സെക്രട്ടറിയുടെ അനുമതി നേടിയ ശേഷമായിരുന്നു സി.ബി.ഐയുടെ നീക്കം. ക്ലിഫ്ഹൗസിൽ ഒരു കേന്ദ്രഏജൻസി പരിശോധന നടത്തുന്നത് ഇതാദ്യമായാണ്. നേരത്തേ എം.എൽ.എ ഹോസ്റ്റലിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന മറ്റ് മന്ത്രിമന്ദിരങ്ങളിലും പരിശോധനയ്ക്ക് സി.ബി.ഐ അനുമതി തേടിയിട്ടുണ്ട്.

ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കു​റ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. 2012 സെപ്റ്റംബർ 9ന് ക്ലിഫ്ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലും അതിഥികളെ സ്വീകരിക്കുന്ന മുറിയിലും വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതിക്കാരിയുടെ മുൻ ഭർത്താവിന്റെ പരാതിയിലെ ചില വിവരങ്ങൾ അറിയാനാണ് വിളിച്ചുവരുത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു. സംഭവദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് നേരത്തേ അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു. എന്നാൽ കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഇത് തള്ളിക്കളഞ്ഞ് വിശദഅന്വേഷണം നടത്തുകയാണിപ്പോൾ. തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലം സംസ്ഥാന സർക്കാരിന്റെ വജ്രായുധമായിരുന്ന സോളാർബോംബ് കേന്ദ്രസർക്കാരിന്റെ പക്കലാണിപ്പോൾ. സി.ബി.ഐ അന്വേഷണം കടുപ്പിക്കുന്നതിന് പിന്നിലും കേന്ദ്രനീക്കങ്ങളുണ്ടെന്ന് ആരോപണമുയരുന്നുണ്ട്.

സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണം കടുപ്പിച്ച സി.ബി.ഐ, ക്ലിഫ്ഹൗസിനു പുറമെ എം.എൽ.എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി സീൻ മഹസർ തയ്യാറാക്കിക്കഴിഞ്ഞു. സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസുകൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കെ, പരാതിക്കാരിയുടെ ആവശ്യപ്രകാരം സർക്കാർ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി അനിൽകാന്തും ഡി.ജി.പിയായിരുന്ന രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്രകശ്യപും കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുന്നയിച്ചിരുന്നതാണ്.

കെ.സി.വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സി.ബി.ഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കു​റ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുളള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുളള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കു​റ്റങ്ങളാണുള്ളത്.

2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയടക്കം കേസെടുത്തു. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി.ഡി.ജി.പിയായിരുന്ന അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയപ്പോൾ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാബിഹിനെ നിയോഗിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് സർക്കാരിനെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജനുവരിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയത്.

ഡിജിറ്റൽ തെളിവുകൾ

കുരുക്കായി മാറും

കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സി.ബി.ഐയ്ക്ക് പരാതിക്കാരി കൈമാറിയിട്ടുണ്ട്. സി.ബി.ഐയുടെ മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് തെളിവ് നൽകിയത്. 2012 മേയിൽ അന്ന് മന്ത്റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സി.ബി.ഐയ്ക്ക് കൈമാറിയത്.

പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജി​റ്റൽ തെളിവുകൾ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

ഇനി ആർക്കും

എഴുതിത്തള്ളാനാവില്ല

പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തതിനാൽ എഫ്.ഐ.ആറുകൾ റദ്ദാക്കാനോ കേസ് എഴുതിത്തള്ളാനോ കഴിയില്ല. സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകിയേ പറ്റൂ. നിർഭയകേസിനുശേഷം 2013ഏപ്രിൽ രണ്ടിനുണ്ടായ ക്രിമിനൽ നിയമഭേദഗതി പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിലാണ്. ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. അതേസമയം, ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് നേരത്തേനടത്തിയ അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനിൽകുമാറിനെതിരായ മൊഴി. ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേട്. അനിൽകുമാർ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും അന്വേഷണത്തിൽ കണ്ടെത്താനായില്ല.