
തിരുവനന്തപുരം: കേരള ഗെയിംസിന്റെ ഭാഗമായുള്ള ബെല്ലി ഡാൻസിനായി റഷ്യൻ - യുക്രെയിൻ നർത്തകിമാർ ഒന്നിച്ച് ചുവട് വച്ചപ്പോൾ തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പിറന്നത് ചരിത്രം. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടയിലാണ് റഷ്യൻ നർത്തികമാരായ അന്ന, ബെലാറസ്, ലെന എന്നിവർക്കൊപ്പം യുക്രെയിൻകാരി ആൽബീന ചുവടുവച്ചത്.
കലയാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന് ആൽബീന കേരളകൗമുദിയോട് പറഞ്ഞു. പന്ത്രണ്ട് വർഷമായി ഒരേ മനസോടെയാണ് വേദികളിൽ ചുവടുവയ്‌ക്കുന്നത്. ഇതിനിടെ രാജ്യങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ല. ആരൊക്കെ പരസ്‌പരം മല്ലടിച്ചാലും ഒരുമിച്ചുള്ള കലാപ്രവർത്തനം തുടരും. കലാകാരന്മാർക്ക് രാഷ്‌ട്രീയമില്ലെന്നും കലയാണ് വലുതെന്നും ആൽബീന വ്യക്തമാക്കി.
ആൽബീന കൂടപിറപ്പെന്ന് ബെലാറസ്
അതേസമയം ആൽബീന കൂടപിറപ്പാണെന്ന് ബെലാറസ് പറഞ്ഞു. റഷ്യ യുക്രെയിനിൽ നടത്തിയ ആക്രമങ്ങളെപ്പറ്റി സംസാരിക്കാൻ താത്പര്യപ്പെടുന്നില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നം തങ്ങൾ ചർച്ച ചെയ്യാറില്ല. തങ്ങളുടെ നൃത്തം ഇരു രാജ്യങ്ങൾക്കുമുള്ള സന്ദേശമാണെന്നും ബെലാറസ് പറഞ്ഞു. കൂടുതൽ രാഷ്‌ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ സംഘം തയ്യാറായില്ല.
ഡൽഹിയിലെ ബ്ലൂ സീ എന്റർടെയിൻമെന്റിലൂടെയാണ് ഇവർ ഒന്നിച്ചത്. ഗ്രൂപ്പ് ലീഡറായ അജയന്തിനൊപ്പമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. ചൈന, ഈജിപ്‌ത്, തുർക്കി, ദുബായ് എന്നിവിടങ്ങളിൽ ബെല്ലി ഡാൻസ് കളിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.