
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സൗജന്യ സാന്ത്വന പരിചരണ പദ്ധതിയായ കെയർ പ്ളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്നേഹസ്പർശം പരിപാടിയുടെ ഉദ്ഘാടനം ആർ.സി.സി പാലിയേറ്റീവ് കെയർ എച്ച്.ഒ.ഡി ഡോ. പി. സുധ നിർവഹിച്ചു.
ജീവിതത്തിൽ എത്രമാത്രം പ്രതിസന്ധികൾ അനുഭവിക്കുന്നോ അതിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ കൂടുതൽ ശക്തരാകുന്നതെന്ന് ഡോ. പി. സുധ പറഞ്ഞു. അത്തരത്തിൽ മറികടക്കാൻ മനോബലത്തിനൊപ്പം കൃത്യമായ തിരിച്ചറിവും വേണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. കെയർപ്ളസ് പ്രസിഡന്റ് ഗീത അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റ് വിതരണം നടന്നു. കെയർ പ്ളസ് സെക്രട്ടറി ജഗ തോമസ്, വൈസ് പ്രസിഡന്റ് ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
നിർദ്ധനരായ കാൻസർ രോഗികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് കെയർ പ്ളസ് വഹിക്കുന്ന പദ്ധതിയാണ് സ്നേഹസ്പർശം. ആർ.സി.സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ധന രോഗികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന പദ്ധതിയിൽ നിലവിൽ 122 കുട്ടികളാണുള്ളത്.
കെയർ പ്ലസ്
അത്യാസന്ന നിലയിൽ കഴിയുന്ന നിർദ്ധനരായ കാൻസർ രോഗികളുടെ സാന്ത്വന പരിചരണത്തിനായി 2003ൽ ആരംഭിച്ച പരിചരണ പദ്ധതിയാണ് കെയർ പ്ളസ്. രോഗിക്കൊപ്പം കുടുംബാംഗങ്ങളെയും സഹായിക്കുന്ന പദ്ധതി കൂടിയാണിത്. കൊവിഡ് കാരണം രണ്ട് വർഷമായി നിറുത്തിവച്ച ഗൃഹസന്ദർശനം വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെയർപ്ളസ് സന്നദ്ധപ്രവർത്തകർ. രോഗികളുടെ ഭവനസന്ദർശനം കൂടാതെ, തിരുവനന്തപുരത്ത് ആറ്റിങ്ങലിലും കാട്ടാക്കടയും ആഴ്ചയിൽ രണ്ട് ദിവസം വീതം ക്ലിനിക് നടത്തുക, ശയ്യാവലംബരായ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക, കാൻസർ ബാധിച്ച് കുട്ടികൾ മരിച്ചുപോയ അമ്മമാർക്ക് പ്രതിമാസ പെൻഷൻ നൽകുക, കാൻസർ സർജറിക്ക് സാമ്പത്തിക സഹായം നൽകുക, നിർദ്ധന രോഗികൾക്ക് യാത്രാക്കൂലി, സൗജന്യ മരുന്നു വിതരണം, അത്യാവശ്യക്കാർക്ക് ആംബുലൻസ് സഹായം എന്നിവയും കെയർ പ്ളസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സുമനസുകളുടെ സാമ്പത്തിക സഹായത്താലാണ് ഇത്രയും പ്രവർത്തനങ്ങൾ 35 ഓളം പ്രവർത്തകരടങ്ങിയ കെയർ പ്ലസ് കഴിഞ്ഞ 15 വർഷമായി നടത്തിവരുന്നത്.