photo

സർക്കാർ പണം നൽകാതെ ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. അതേസമയം ഡിപ്പോകളിലും യാർഡുകളിലും ഹൈടെക് ബസുകൾ ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുക്കുകയും ചെയ്യുന്നു. അങ്ങേയറ്റത്തെ കാര്യക്ഷമതയില്ലായ്മയാണ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ ഈ അവസ്ഥയിലെത്തിച്ചത്. 2800 ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. കഴിഞ്ഞമാസം 18 ന് ഞങ്ങളുടെ പത്രം നൽകിയിരുന്ന പ്രത്യേക റിപ്പോർട്ട് ഉൾപ്പെടെയുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. തുരുമ്പെടുക്കുന്ന ബസുകളുടെ എണ്ണം, എത്രകാലമായി വെറുതെകിടക്കുന്നു, അവ എന്തുചെയ്യാൻ പോകുന്നു എന്നിവ വ്യക്തമാക്കി വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും 700 കോടിയോളം മൂല്യമുള്ള ബസുകൾ വെറുതെ യാർഡിലിടാൻ തീരുമാനിച്ചതിന് കാരണമായി പറയാൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് ന്യായങ്ങളുണ്ടാവും. ന്യായം പറഞ്ഞ് കാര്യങ്ങൾ നടപ്പാക്കാതിരിക്കുക നശിക്കുന്ന പ്രസ്ഥാനങ്ങളുടെ ലക്ഷണമാണ്. കൊവിഡ് വ്യാപനത്തിന് മുമ്പ് പ്രതിദിനം 5000 ഷെഡ്യൂളുകൾ പ്രവർത്തിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂവായിരമാണുള്ളത്. ആവശ്യത്തിന് ബസില്ലാത്തതാണ് ഷെഡ്യൂൾ കുറയ്ക്കാൻ പ്രധാന കാരണമായി മാനേജ്‌‌മെന്റ് ചൂണ്ടിക്കാണിക്കാറുള്ളത്. അതേസമയം വളരെ കുറച്ചുകാലം മാത്രം ഉപയോഗിച്ചിട്ടുള്ള ബസുകൾ നിസാരമായ അറ്റകുറ്റപ്പണികളുടെ പേരിൽ ഓടിക്കാതെ മാറ്റിയിട്ട് നശിപ്പിക്കുന്നു. ഈ നിലയിൽ അധികകാലം മുന്നോട്ട് പോകില്ല. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ. കോർപ്പറേഷൻ അപ്പാടെ മുങ്ങിയാൽ തൊഴിലാളി യൂണിയനുകളുടെ പ്രസക്തി ഇല്ലാതാകും. അതിനാൽ മാനേജ്‌മെന്റുമായി പരമാവധി സഹകരിച്ച് കോർപ്പറേഷനെ രക്ഷപ്പെടുത്തുന്ന സമീപനം യൂണിയൻകാരിൽ നിന്നുണ്ടാകേണ്ടതാണ്. പഴയ കാലങ്ങളിൽ എല്ലാവരും യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് സ്വകാര്യ യാത്രാവാഹനങ്ങളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. മദ്ധ്യവർഗം സർക്കാർ ബസുകളിൽനിന്ന് അകന്ന് തുടങ്ങുന്നു. ഇതൊക്കെ മുൻകൂട്ടിക്കണ്ട് പ്രൊഫഷണൽ സമീപനം കൈക്കൊണ്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. വൈകിയെങ്കിലും പരിഷ്കാരങ്ങൾ നടത്താൻ ഇനിയും മടിച്ചുനിൽക്കരുത്. ഇല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയാതെവരും.

കേരളത്തിൽ ബസ് ചാർജ് അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. അതേസമയം ഡൽഹിയിൽ കഴിഞ്ഞ ദിവസം 10 ലക്ഷത്തോളം തൊഴിലാളികൾക്ക് ബസ് യാത്ര തികച്ചും സൗജന്യമാക്കി. ഡൽഹി സർക്കാരിൽ രജിസ്റ്റർചെയ്ത തൊഴിലാളികൾക്കാണ് സൗജന്യയാത്ര . മേസ്‌തിരിമാർ, പെയിന്റർമാർ, വെൽഡർമാർ, ആശാരിമാർ, ക്രെയിൻ തൊഴിലാളികൾ തുടങ്ങിയവർക്ക് പണം നൽകാതെ യാത്രചെയ്യാനാകുന്നത് വലിയ കാര്യമാണ്. പുറമേ വനിതകൾക്ക് ബസ് യാത്ര സൗജന്യമാണ്. വീട്ടുജോലിക്കും മറ്റും പോകുന്ന വലിയൊരുവിഭാഗം സ്‌ത്രീകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ഡൽഹി സർക്കാരിന് വരുമാനം കൂടുതലാണ് എന്ന ന്യായമാവും ഇവിടെ ഇതൊന്നും ചെയ്യാതിരിക്കുന്നതിന് കാരണമായി പറയുക. ഇതൊന്നും പണലഭ്യതയുടെ മാത്രം പ്രശ്നമല്ല മനോഭാവത്തിന്റെ പ്രശ്നമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ടിക്കറ്റ് നിരക്ക് കൂട്ടുകയെന്ന പഴകി തുരുമ്പിച്ച ഒരേയൊരു മാർഗമാണ് ഇവർ ഇത്രകാലവും പിന്തുടർന്ന് വരുന്നത്. അങ്ങനെ ചിന്തിക്കുന്നവരിൽ നിന്ന് ഒരു സൗജന്യവും പ്രതീക്ഷിക്കാൻ വകയില്ല. അവർക്ക് നൽകാനാവുന്നത് തിരിച്ചടികൾ മാത്രമാണ്. അതാണ് ജനം നൽകിക്കൊണ്ടിരിക്കുന്നതും.