
ബാലരാമപുരം: കരാറുകാരൻ മാറിയിട്ടും ബാലരാമപുരം - കാട്ടാക്കട റോഡ് നവീകരണം അനിശ്ചിതമായി നീളുന്നു. ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ബാലരാമപുരം – കാട്ടാക്കട റോഡിന്റെ നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
റീ ടെൻഡർ വിളിച്ച് കരാറുകാരന് വർക്ക് കൈമാറിയിട്ടും പാതിവഴിയിൽ പണി നിറുത്തിയതിനെതിരെ കരാറുകാരനെതിരെയും പ്രതിഷേധമുണ്ട്. ഇതിനിടയിൽ മുടന്തൻ ന്യായങ്ങൾ നിരത്തി കരാറുകാരനുമായി ചേർന്ന് പണി വൈകിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥരും. കാലവർഷം ശക്തിയാർജ്ജിക്കുന്നതോടെ റോഡിന്റെ നിർമ്മാണജോലികൾ വീണ്ടും തടസപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നിരവധി സ്കൂൾ വാഹനങ്ങളും കെ.എസ്.ആർ.ടി.സി സർവീസുകളുമുള്ള പ്രധാനപാതയാണ് അധികൃതരുടെ കെടുകാര്യസ്ഥതമൂലം തടസപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനത്തിലെത്തുന്നവർ കുഴികളിൽ വീണ് ദുരിതം നേരിടുകയാണ്. ബാലരാമപുരം മുതൽ എരുത്താവൂർ ചപ്പാത്ത് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്തെ കുഴികൾ വാഹനയാത്രികർക്ക് അപകടക്കെണിയായിരിക്കുകയാണ്. റോഡ് തകർന്ന സാഹചര്യത്തിൽ ഭാരവാഹനമുൾപ്പെടെയുള്ള കരിങ്കൽ ലോറികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും റോഡിന്റെ ടാറിംഗ് അടിയന്തരമായി പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കരാറുകാരന്റെ മരണത്തെത്തുടർന്ന് പുതിയ കരാറുകാരൻ നിർമ്മാണച്ചുമതല ഏറ്റെടുത്ത് ഒരു വർഷം കഴിഞ്ഞിട്ടും ബാലരാമപുരം – കാട്ടാക്കട റോഡിന്റെ നിർമ്മാണജോലികൾ ഊരൂട്ടമ്പലത്തിന് സമീപം പാതിവഴിയിൽ നിശ്ചലമായിരിക്കുകയാണ്. മഴ കാരണം മാറ്റിവച്ചതാണെന്ന് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നെങ്കിലും രണ്ട് മാസമായി നിർമ്മാണജോലികൾ മുടങ്ങിയിരിക്കുകയാണ്.
കരിങ്കൽ ലോറികളുടെ അനിയന്ത്രിത സഞ്ചാരം മൂലം ചപ്പാത്ത്, ചാനൽപ്പാലം ജംഗ്ഷൻ, തണ്ണിക്കുഴി, തേമ്പാമുട്ടം ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. എരുത്താവൂർ ചപ്പാത്ത് തടിമില്ലിന് സമീപം ഒരു വാഹനവും കടന്നുപോകാൻ കഴിയാത്തവിധം റോഡ് പൂർണമായും തകർന്നു.