
വർക്കല: ചാവടിമുക്കിൽ സ്വകാര്യ പ്രസിലെ ജീവനക്കാരി ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ശാലുവിനെ (37) മാതൃസഹോദരൻ അനിൽ (47) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 28ന് ഉച്ചയ്ക്ക് രണ്ടോടെ ജോലിസ്ഥലത്തുനിന്ന് സ്കൂട്ടറിൽ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അനിൽ തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശാലു മരിച്ചത്.
ഇളയമകൻ ജീവകൃഷ്ണന്റെ മുന്നിൽവച്ചായിരുന്നു ആക്രമണം. ശാലുവിനെ കഴുത്തിലും ശരീരഭാഗങ്ങളിലും അനിൽകുമാർ അതിക്രൂരമായി വെട്ടിപ്പരിക്കേല്പിച്ചതായി മകൻ മൊഴി നൽകി. ആദ്യഘട്ടത്തിൽ മകന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറാകാതിരുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് മരിച്ചെന്ന് കരുതി ഷീറ്റുകൊണ്ട് അമ്മയെ മൂടുകയായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ബഹളംവച്ച ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയ്യറായതെന്നുമാണ് ജീവകൃഷ്ണ പറഞ്ഞത്.
പിടികൂടിയ പ്രതിയോടൊപ്പം പൊലീസിന്റെ വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചതെന്നും ശാലു പിടയുന്നത് അനിൽകുമാർ നോക്കി രസിച്ചെന്നും ശാലുവിന്റെ സഹോദരി ശാലി പറയുന്നു. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടല്ലെന്നും ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും ശാലി ആരോപിച്ചു. ഭാഗംവയ്ക്കാത്ത മാതാവിന്റെ സ്വത്തുക്കളെ സംബന്ധിച്ചുള്ള തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഏറെനാളായി നിലനിൽക്കുകയായിരുന്നെന്നും ഇതുസംബന്ധിച്ച് അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നതായും കുടുംബം വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ മറ്റൊരു ബന്ധുവിന് പങ്കുണ്ടെന്നും ഇയാളെ അറസ്റ്റുചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. സംഭവത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, ബാലാവകാശ കമ്മീഷൻ, റൂറൽ എസ്.പി, വർക്കല ഡിവൈ.എസ്.പി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും പരാതി നൽകുമെന്ന് ശാലുവിന്റെ ബന്ധുക്കൾ അറിയിച്ചു.