photo

സ്കൂൾക്ളാസുകൾ സ്‌മാർട്ടാക്കാനുള്ള അതിവിപുലമായ സംരംഭം സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ സർക്കാർ - എയ്‌ഡഡ് സ്കൂളുകളുടെ മുഖം തിളക്കമാർന്നിരിക്കുന്നു. ഒപ്പം അങ്കണവാടികൾ സ്‌മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് സാമൂഹ്യക്ഷേമവകുപ്പ്. കുട്ടികളെ ആകർഷിക്കും വിധത്തിലുള്ള സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി ബുധനാഴ്ച തിരുവനന്തപുരത്ത് പൂജപ്പുരയിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്‌തു. പത്തുസെന്റ് സ്ഥലത്ത് 44 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ അങ്കണവാടിയുടെ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭാരിച്ച ദൗത്യമാണെങ്കിലും അർപ്പണബോധവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ വൈകാതെ ലക്ഷ്യം നേടാം. പിഞ്ചുകുട്ടികൾ കളിചിരിയോടെ പകൽ മുഴുവൻ കഴിയേണ്ട അങ്കണവാടികൾ കാലത്തിനൊത്ത് നവീകരിക്കേണ്ടത് പരമപ്രധാനമാണ്. സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തിലധികം അങ്കണവാടികളിൽ പലതും സ്ഥലപരിമിതി നേരിടുന്നു. സ്വന്തമായി കെട്ടിടം പോലുമില്ലാത്തവയുമുണ്ട്. ആറായിരത്തിനാനൂറിൽപ്പരം അങ്കണവാടികൾ തീരെസൗകര്യങ്ങളില്ലാത്ത വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഒരുവർഷത്തിനകം അവ മുഴുവൻ സ്വന്തം കെട്ടിടങ്ങളിലേക്കു മാറ്റാൻ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പുതുതായി വരുന്ന അങ്കണവാടികളും സ്‌മാർട്ട് സങ്കല്പത്തിനിണങ്ങുന്നതാകാൻ ശ്രദ്ധിക്കണം.

പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ, അകത്തും പുറത്തും കളിക്കാനുള്ള ഇടങ്ങൾ, പൂന്തോട്ടം ഇതൊക്കെയാണ് സ്‌മാർട്ട് അങ്കണവാടികളുടെ രൂപഘടനയിലുള്ളത്. നിലവിൽ രണ്ടുംമൂന്നും സെന്റിൽ ചെറിയ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് വിപുലമായ സൗകര്യങ്ങളൊരുക്കൽ എളുപ്പമാകില്ല. സർക്കാരിനൊപ്പം അതതു സ്ഥലത്തെ സ്ഥാപനങ്ങളും ഉദാരമതികളായ നാട്ടുകാരും സഹായിച്ചാൽ വിഷമമില്ലാതെ സ്‌മാർട്ട് അങ്കണവാടികളുയരും. തീരെ സ്ഥലംകുറഞ്ഞ അങ്കണവാടികൾ വികസിപ്പിക്കാൻ പ്രയാസമായതിനാൽ സ്ഥലം കണ്ടെത്തി അങ്കണവാടികൾ സ്ഥാപിക്കാൻ ശ്രമിക്കാം. തദ്ദേശസ്ഥാപനങ്ങൾ വിചാരിച്ചാലിത് എളുപ്പം നടക്കും. സുദീർഘമായ വിദ്യാഭ്യാസ ജീവിതത്തിന്റെ ആദ്യ പടിവാതിലാണ് അങ്കണവാടികൾ. വൻതുക വാങ്ങി നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ കൂണുപോലെ സംസ്ഥാനത്തുടനീളമുണ്ട്. ഉയർന്ന നിലവാരം പുലർത്തുന്ന അങ്കണവാടികളുണ്ടെങ്കിൽ കൂടുതൽപേർ അവിടേക്കു വരും. കാലാന്തരത്തിൽ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടും.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള അങ്കണവാടികളിൽ 155 എണ്ണം കൂടി സ്മാർട്ടാക്കാനുള്ള പണി നടക്കുകയാണ്. അവ പൂർത്തിയാകുന്ന മുറയ്ക്ക് മറ്റുള്ളവയുടെ നിർമ്മാണം കൂടി ഏറ്റെടുക്കണം. അങ്കണവാടികളിലായാലും സ്കൂളുകളിലായാലും പഠനാന്തരീക്ഷം വളരെ പ്രധാനമാണ്. ബാലമനസുകളുടെ വികാസത്തിന് ഇണങ്ങുന്ന ക്ളാസ് മുറികൾ പഠനപ്രക്രിയയെ ഉത്തേജിപ്പിക്കും. അങ്കണവാടികളും നഴ്‌സറികളും ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ഇവിടെ ഏറെ അവഗണിക്കപ്പെടുന്ന രംഗവും ഇതാണ്. ലൈസൻസ് പോലുമില്ലാതെ ആർക്കും ഈ മേഖലയിൽ
വിഹരിക്കാമെന്നതാണ് അവസ്ഥ. പേരിനൊരു കെട്ടിടവും രണ്ടോ മൂന്നോ ജീവനക്കാരുമുണ്ടെങ്കിൽ നഴ്‌സറിയായി. പരിശീലനം നേടിയ അദ്ധ്യാപിക പോലുമില്ലാതെ പ്രവർത്തിക്കുന്ന ധാരാളം നഴ്‌സറികളുണ്ട്. കൃത്യമായ സേവന - വേതന വ്യവസ്ഥയൊന്നുമില്ലാത്തതിനാൽ അങ്കണവാടികളുടെ കഥയും മെച്ചമെന്നു പറയാനാകില്ല. വളരെ വലിയൊരു ദൗത്യമാണ് ഈ മേഖലയിലുള്ളവരുടേതെങ്കിലും അവയിൽ പണിയെടുക്കുന്നവരുടെ സ്ഥിതി ദയനീയമാണ്. അടുത്തകാലത്താണ് അങ്കണവാടി ടീച്ചർമാർക്ക് പതിനായിരം രൂപ വേതനം ലഭിച്ചുതുടങ്ങിയത്. മറ്റു മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ നിസാരമാണിതെന്ന് ബോദ്ധ്യമാകും. അങ്കണവാടികൾ സ്‌മാർട്ടാകുന്നതിനൊപ്പം പണിയെടുക്കുന്നവരുടെ വേതനം കൂടി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണം.