
നെയ്യാറ്റിൻകര: വെള്ളായണി അൽതസ്ലീമിൽ കബീറിന്റെ മകൻ റഫീഖിനെ (24) കാറ്റാടിക്കഴകൊണ്ട് അടിച്ചുകൊന്ന കേസിലെ 7 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ഒടുക്കാൻ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ(28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ(27), താന്നിവിള റംസാന മൻസിലിൽ ആരിഫ്(30), ആറ്റുകാൽ ബണ്ട് റോഡ് ശിവഭവനിൽ സനൽകുമാർ എന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിനുസമീപം ആഷർ(26), പൊറ്റവിള റോഡിൽ ആഷിഖ്(25), നേമം പുത്തൻവിളാകം അമ്മവീട് ലെയ്നിൽ ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് ശിക്ഷിച്ചത്.
ജീവപര്യന്തത്തിന് പുറമേ അന്യായമായി സംഘം ചേർന്നതിനും ലഹള നടത്തിയതിനും ഓരോ വർഷം വീതം 2 വർഷ കഠിനതടവും, അന്യായമായി തടസ്സപ്പെടുത്തിയതിന് 1 മാസം സാധാരണ തടവും ഒന്നു മുതൽ ഏഴുവരെ പ്രതികൾ അനുഭവിക്കണം. മാരകായുധങ്ങൾ കൈവശം വച്ച് ലഹള നടത്തിയ ഒന്നു മുതൽ നാലുവരെ പ്രതികളായ അൻസക്കീർ, നൗഫൽ, ആരിഫ്, മാലിക് എന്നിവർ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിച്ചു. റഫീക്കിന്റെ ആശ്രിതർക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
2016 ഒക്ടോബർ 7നായിരുന്നു കൊല. മരണപ്പെട്ട റഫീഖിന് ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കേസിലെ ഒന്നാം പ്രതിയായ അൻസക്കീറിന്റെ അമ്മയുടെ സഹോദരനായ പൊടിയൻ എന്ന അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്തുവച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് ഹേതു. അബൂഷക്കീറിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പ്രതികൾ റഫീഖിനെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു തുലവിള നാഷണൽ ഹൈവേയിൽ കൊണ്ടുവന്നു. അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിധിയെ തുടർന്ന് കോടതി പരിസരത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. പ്രതികളെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റിയിരുത്തുമ്പോഴായിരുന്നു ബഹളം. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥിതി ശാന്തമാക്കി.