തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 'വിജ്ഞാനവേനൽ' അവധിക്കാല ക്യാമ്പ് നാളെ മുതൽ 11 വരെ നടക്കും.പള്ളിയറ ശ്രീധരൻ, പ്രമോദ് പയ്യന്നൂർ, ഗിരീഷ് പുലിയൂർ, ഹരികൃഷ്ണൻ, സുജിത്, വീണ മരുതൂർ, അഡ്വ. ശ്രീകുമാർ, പുതുശേരി ജനാർദ്ദനൻ, ഡോ. പി. ഹരികുമാർ, ജിതേഷ് ജി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ അഞ്ചു ദിവസങ്ങളിലായി കുട്ടിക്കൂട്ടങ്ങൾക്കൊപ്പമുണ്ടാകും.7ന് രാവിലെ 10 ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ വിജ്ഞാനവേനൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് ഡോ.എം.ജി. ശശിഭൂഷൺ ടാഗോർ അനുസ്മരണം നടത്തും. 11 ന് രാവിലെ വൈലോപ്പിള്ളി ശ്രീധരമേനോൻ ജന്മദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം ഉണ്ടാകും. വൈകിട്ട് 5.30 ന് നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ ജന്മദിനാചരണം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും. 7ന് വൈകിട്ട് 5.30 ന് അബ്രദിതാ ബാനർജിയുടെ രബീന്ദ്ര സംഗീതവും സ്വരാഞ്ജലി തിരുവനന്തപുരത്തിന്റെ ഗീതാഞ്ജലി സംഗീതാവിഷ്‌ക്കാരവും 8 ന് വൈകിട്ട് 5.30 ന് മൈമേഴ്സ് ട്രിവാൻഡ്രത്തിന്റെ മാൻ വിത്തൗട്ട് വുമൺ എന്ന മൂകനാടകവും നടക്കും. മേയ് 9 ന് വൈകിട്ട് 5.30 ന് പുതുശ്ശേരി ജനാർദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് രംഗാവതരണവും 10 ന് വൈകിട്ട് 5.30 ന് സൗമ്യ സുകുമാരന്റെ മോഹിനിയാട്ടവും 11ന് വൈകിട്ട് 6.30 ന് ശ്രീനടരാജ് ഡാൻസ് അക്കാ‌‌‌ഡമിയുടെ നൃത്തസന്ധ്യയും അരങ്ങേറും.കുട്ടികൾ ഒരുക്കിയ ചിത്രങ്ങളുടെയും കരകൗശല വവസ്തുക്കളുടെയും പ്രദർശനം ദി ഗാലറി എന്ന പേരിൽ 11 ന് രാവിലെ 10 ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് കുട്ടികളുടെ കലാവിരുന്ന് 'ശലഭച്ചിറകുകൾ' അരങ്ങേറും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ.