p

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ അപാകതകളെക്കുറിച്ച് കേരള സർവകലാശാല വൈസ്ചാൻസലറുടെ വിശദീകരണം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. മുൻ പരീക്ഷകളിലെ ചോദ്യപേപ്പർ ആവർത്തിച്ചതും ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതും തിരക്കിട്ട് പരീക്ഷകൾ നടത്തിതിനാൽ പറ്റിയ അബദ്ധമാണെന്നാണ് വി.സി വിശദീകരിച്ചത്. അത് തൃപ്തികരമല്ലെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും വി.സിയെ ഗവർണർ അറിയിച്ചു. എന്ത് ശിക്ഷാനടപടി സ്വീകരിച്ചെന്ന് ഉടൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.

ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയതിനും ബി. എ ഇംഗ്ലീഷ് അവസാന സെമസ്​റ്റർ പരീക്ഷയ്‌ക്ക് പഴയ ചോദ്യപേപ്പറുകൾ അതേപടി ഉപയോഗിച്ചതിനുമാണ് ഗവർണർ വിശദീകരണം തേടിയത്. അപാകതകൾ പ്രൊ വൈസ്ചാൻസർ ഡോ. പി.പി അജയകുമാർ അന്വേഷിക്കുന്നുണ്ട്. ഉത്തരവാദികളെ കണ്ടെത്തി അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

മൂന്നു പരീക്ഷകളിൽ കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതിന് കണ്ണൂർ വി. സിയോട് ഗവർണർ വിശദീകരണം തേടിയെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ഇതിൽ ഗവർണർ നടപടിയെടുത്തേക്കും. ചോ​ദ്യം​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​ഴ​യ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​വ​ർ​ഷം​ ​മാ​ത്രം​ ​മാ​റ്റി​ ​ന​ൽ​കിയെ​ന്നാണ് കണ്ടെത്തൽ.

സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. വീഴ്ച വരുത്തിയവരുടെ സ്ഥാനക്കയറ്റം തടയണമെന്നാണ് പരാതിയിലെ ആവശ്യം.