
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിലെ യാഗഭൂമിയിൽ ഇന്ന് മഹാകാളികായാഗത്തിന് തിരി തെളിയും. രാവിലെ 6.30ന് അരണി കടഞ്ഞ് അഗ്നിയെടുത്തുകഴിഞ്ഞാൽ അഗ്നിപൂജ, ഗണപതി പൂജ, പരശുരാമ അനുമതി പൂജ, ലക്ഷ്മി നാരായണസമേത ഭൂമിപൂജ, ബലരാമപൂജ, യാഗബ്രഹ്മ അവരോധനപൂജ, യാഗഭൂമിഖനനം എന്നിവ നടക്കും.
8.30ന് 64 യോഗിനി മാതാക്കളുടെയും 51 ശക്തിപീഠങ്ങളുടെയും 51 അക്ഷരദേവതകളുടെയും സങ്കല്പ ഇഷ്ടികപൂജ. 9ന് ഗരുഡപൂജ. 9.30ന് യാഗകുണ്ഠ നിർമ്മാണ ആരംഭം, മഹാകാളികായന്ത്ര കലശപീഠ നിർമ്മാണ ആരംഭം. 10ന് ജഗദ്ഗുരു ശങ്കരാചാര്യ ജയന്തി സങ്കല്പ പുഷ്പ സമർപ്പണം. 10.20ന് മഹായതിപൂജ. വൈകിട്ട് 4ന് വാസ്‌തുബലി, വാസ്തുപൂജ, വാസ്തുഹോമം, സുബ്രഹ്മണ്യപൂജ, ആഞ്ജനേയ പൂജ തുടങ്ങിയ പൂജകൾ നടക്കും. യാഗം 16ന് സമാപിക്കും.
പഞ്ചലോഹ വിഗ്രഹവും വേലും
പഞ്ചലോഹത്തിൽ നിർമ്മിച്ച ആറരയടി പൊക്കമുള്ള ഏറ്റവും വലിയ ദേവീ വിഗ്രഹമാണ് പൗർണമിക്കാവിലെ യാഗശാലയിൽ പ്രതിഷ്ഠിക്കുന്നത്. മൈലാടിയിൽ നിർമ്മിച്ച 1300 കിലോ ഭാരമുള്ള ബാല ത്രിപുര സുന്ദരിയുടെ പഞ്ചലോഹവിഗ്രഹമാണിത്. ഇന്നലെ വൈകിട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹത്തിന് ഭക്തിനിർഭരമായ സ്വീകരണം നൽകി. മുരുകനെയും വള്ളിയേയും പ്രതിനിധീകരിക്കുന്ന വലിയ പഞ്ചലോഹവേലും യാഗശാലയിൽ പ്രതിഷ്ഠിക്കുന്നുണ്ട്. ഇത്രയും വലിയൊരു വേൽ കേരളത്തിൽ ആദ്യമായാണ് പ്രതിഷ്ഠിക്കുന്നത്.