
ആറ്റിങ്ങൽ: വിവാഹം രജിസ്റ്റർ ചെയ്യാൻ നഗരസഭയിൽ എത്തിയ ചിത്തു - ഐശ്വര്യ ദമ്പതികളുടെ നഷ്ടപ്പെട്ട ബ്രേസ്‌ലെറ്റ് ശുചീകരണ വിഭാഗം തൊഴിലാളി ഗിരിജൻ തിരികെ നൽകി.
കൊട്ടാരക്കര സ്വദേശിയായ ചിത്തുവും ആറ്റിങ്ങൽ വീരളം സ്വദേശിയായ ഐശ്വര്യയും കഴിഞ്ഞ മാസം 25 നാണ് വിവാഹിതരായത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇരുവരും ഇന്നലെ രാവിലെ നഗരസഭാ ഓഫീസിലെത്തി മടങ്ങുമ്പോൾ ഐശ്വര്യ അണിഞ്ഞിരുന്ന ബ്രേസ്‌ലെറ്റ് ഓഫീസ് പരിസരത്ത് നഷ്ടപ്പെട്ടു. ഇതു കണ്ടുനിന്ന കൊടുമൺ സ്വദേശി ഗിരിജൻ വിവരം ദമ്പതികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇവർ വാഹനമോടിച്ച് പേയിക്കഴിഞ്ഞു. യാത്രാമദ്ധ്യ സ്വർണ്ണം നഷ്ട്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ദമ്പതികൾ തിരികെ നഗരസഭയിലെത്തി ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ടു. നഷ്ട്ടപ്പെട്ട സ്വർണ്ണം ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാറിന്റെയും, സൂപ്രണ്ട് സി.അനിൽ കുമാറിന്റെയും സാന്നിധ്യത്തിൽ ഗിരിജൻ തിരികെ നൽകി.