behrain-sncs

ശിവഗിരി: വിശ്വമാനവിക തത്വ ദർശനത്തിന്റെ മഹാപ്രവാചകനാണ് ശ്രീനാരായണഗുരുദേവനെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ബഹ്റൈൻ ശ്രീനാരായണഗുരു കൾച്ചറൽ സൊസൈറ്റിയുടെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് ദാർശനികരും മതചിന്തകരും തത്വദർശനത്തെ തലനാരിഴ കീറുന്ന ചിന്താപദ്ധതികളായി വ്യാഖ്യാനിച്ചപ്പോൾ മനുഷ്യനിഷ്ഠമായ ദർശനത്തെയാണ് ഗുരുദേവൻ അവതരിപ്പിച്ചത്. മതവും തത്വദർശനവുമെല്ലാം മനുഷ്യനു വേണ്ടിയാണ്. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതം കൊണ്ടും തത്വദർശനങ്ങൾ കൊണ്ടും ഒരു പ്രയോജനവുമില്ലെന്ന് ഗുരുദേവൻ പഠിപ്പിക്കുന്നത്. അദ്വൈത ദാർശനികനായിരുന്ന മഹാഗുരു അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറം ഒരു ജീവിത പദ്ധതിയാക്കി മാറ്റിയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ മിഷനിലെത്തിയ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരെ പൂർണ്ണകുംഭം നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ ശാന്തിഹവനയജ്ഞം, ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം എന്നിവ നടന്നു. പ്രവാസി സമാൻ അവാർഡ് നേടിയ പ്രമുഖ വ്യവസായി കെ.ജി.ബാബുരാജിനെ സമ്മേളനത്തിൽ അനുമോദിച്ചു. കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ജയൻകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി സുനീഷ് സുശീലൻ, പവിത്രൻ പൂക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.ഇന്ന് ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ശ്രീനാരായണീയ മഹാസമ്മേളനവും, ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷങ്ങളും നടക്കും.