vld-1

വെള്ളറട: വിധവയായ വൃദ്ധമാതാവ് സ്വന്തമായുള്ള വസ്തുവിന്റെ കരം തീർക്കാൻ മൂന്നു വർഷം കൊണ്ട് കയറിയിറങ്ങിയത് നിരവധി സർക്കാർ ഓഫീസുകൾ. വെള്ളറട ഗ്രാമപഞ്ചായത്തിലെ കാക്കതൂക്കി നിരപ്പിൽ പുത്തൻവീട്ടിൽ പുഷ്പലതയാണ് (67) സ്വന്തമായുള്ള 53 സെന്റ് വസ്തുവിന്റെ കരം തീരുവയ്‌ക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത്.

ഇവരുടെ വെള്ളറട വില്ലേജിൽ ഉൾപ്പെട്ട സർവേ നമ്പർ 1180/1991 വസ്‌തുവിന് 2019വരെ ഇവരാണ് കരം അടച്ചിരുന്നത്.

2020ൽ കരം അടയ്‌ക്കാൻ ചെന്നപ്പോൾ ഈ വസ്‌തുവിൽ മറ്റാരോ കരം അടച്ചെന്നും വസ്‌തു ഇവർ വിറ്റെന്നുമാണ് റവന്യു അധികൃതർ പറഞ്ഞത്. തുടർന്ന് ഇവർ നെയ്യാറ്റിൻകര തഹസീൽദാർക്കും വില്ലേജ് അധികൃതർക്കും പരാതി നൽകി.

എന്നിട്ടും പരിഹാരമില്ലാത്തതിനെ തുടർന്ന് ഇവർ 2020ൽ വിവരാവകാശം ആവശ്യപ്പെട്ട് റവന്യു അധികൃതരെ സമീപിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ഒരു ഗ്രാനൈറ്റ് കമ്പനിയാണ് വസ്‌തുവിന് കരം ഒടുക്കിയതെന്നാണ് മറുപടി ലഭിച്ചത്. വസ്‌തുവിന്റെ ഒറിജിനൽ ആധാരവും രേഖകളും ഹാജരാക്കിയാൽ കരം തീർക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എല്ലാ രേഖകളുമായി വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പോയെങ്കിലും ഫലമുണ്ടായില്ല. 2021ലും ഇതേ കമ്പനി തന്നെ വീണ്ടും വസ്‌തുവിന് കരം അടച്ചു.

വെള്ളറട പൊലീസിൽ രണ്ട് തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അതിനിടെ പുതുതായി ചാർജെടുത്ത തഹസീൽദാർക്ക് നാട്ടുകാരുടെ സഹായത്തോടെ പരാതി നൽകി. പരാതിയുടെ യാഥാർത്ഥ്യം മനസിലാക്കി സർവേ സൂപ്രണ്ടിനോട് വസ്‌തു അളന്ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപടിയായില്ല.