
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി. ജോർജിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിൽ ഹർജി നൽകി. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. അനീസ വാദം കേൾക്കുന്നതിനായി ഹർജി 11ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിനാൽ ജാമ്യം റദ്ദാക്കണമെന്ന് അസിസ്റ്റന്റ് പബ്ളിക് പ്രേസിക്യൂട്ടർ വി.എം. ഉമാനൗഷാദ് ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജാമ്യം ലഭിച്ചയുടൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് പരസ്യമായി പറഞ്ഞ ജോർജ് വീണ്ടും സമാന കുറ്റം ചെയ്തതായി ഹർജിയിൽ ആരോപിക്കുന്നു. ജോർജ് പലയോഗങ്ങളിലും സമാനരീതിയിൽ പ്രസംഗങ്ങൾ നടത്തുന്നതായി ഹർജിയിൽ പറയുന്നുണ്ടെങ്കിലും ഇതിനെതിരെ കേസ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. പി.സി. ജോർജ്ജിനു വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ ഹാജരായി.