
കാസർകോട്: അനധികൃത മദ്യവില്പന നടക്കുന്ന വിവരമറിഞ്ഞ് വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ വളർത്തു പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ നാലു പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കളനാട് കൈനോത്തെ ഡി.കെ അജിത് (32), സജിത (39) എന്നിവരെയാണ് സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കൈനോത്തെ വീട്ടിൽ അനധികൃതമായി മദ്യ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ കാസർകോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് എക്സൈസ് റേഞ്ച് ഓഫീസർ എം.കെ ബാബുകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കാസർകോട് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഇ.കെ ബിജോയ് (46), കെ.എം പ്രദീപ് (49) എന്നിവരാണ് അക്രമത്തിനിരയായത്. കൈനോത്തെ ഉദയൻ, ഭാര്യ സജിത, ബന്ധുവായ അജിത്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഉദയൻ ഒളിവിലാണെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് ഉദയന്റെ വീടിനുമുന്നിൽ വെച്ച് ഇരുചക്രവാഹനത്തിൽ മദ്യവിൽപ്പന നടത്തുകയാണെന്ന വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിർത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും വളർത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അറസ്റ്റുചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അജിത്തിനെ റിമാൻഡ് ചെയ്ത കോടതി സജിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.