
തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും എ.ഐ.ടി.യു.സിയും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘും ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനാ പണിമുടക്ക് തുടങ്ങി. കൂടുതൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കും.
പണിമുടക്ക് നേരിടാൻ മാനേജ്മെന്റ് ഡയസ്നോൺ പ്രഖ്യാപിച്ചു. ഇന്ന് ജോലിക്കെത്താത്തവരുടെ വേതനം മേയിലെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്ന് ഇന്നലെ രാത്രി സി.എം.ഡി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു സംഘടനാനേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.