
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എമ്മിലും കോൺഗ്രസിലും പതിവില്ലാത്ത രീതികൾ. ഏവരെയും ഞെട്ടിച്ച് സി.പി.എമ്മിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോ ജോസഫ്. തുടക്കത്തിലേ ഉദ്വേഗം നിറച്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കടുത്ത പോരാട്ടമാകും.
ഒന്നര ദിവസത്തെ മാരത്തോൺ ചർച്ചകൾ സൃഷ്ടിച്ച പിരിമുറുക്കത്തിനൊടുവിൽ എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് സി. പി.എമ്മിൽ അസാധാരണ കീഴ്‌വഴക്കമായി.
പതിവ് കലഹങ്ങളില്ലാതെ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസാകട്ടെ പ്രചാരണത്തിൽ തുടക്കത്തിലേ മേൽക്കൈ നേടി. ചൊവ്വാഴ്ച തന്നെ ഉമാ തോമസ് സജീവമായപ്പോൾ ഇടത് അണികൾ ഇന്നലെ വൈകിട്ട് വരെയും സ്ഥാനാർത്ഥി ആരെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു.
ബുധനാഴ്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കിയത്. ഇന്നലെ രാവിലെ എറണാകുളത്തെ സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനിടെ, യുവനേതാവായ അഡ്വ.കെ.എസ്. അരുൺകുമാർ സ്ഥാനാർത്ഥിയാണെന്ന പ്രചാരണമുണ്ടായി. മണ്ഡലത്തിൽ അരുൺകുമാറിനായി ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. യോഗം കഴിഞ്ഞിറങ്ങിയ ഇ.പി. ജയരാജനും മറ്റ് നേതാക്കളും സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന് പ്രതികരിച്ചതോടെ ആന്റി ക്ലൈമാക്സ്. വൈകിട്ടോടെ, ചുവരെഴുത്ത് മായ്‌ക്കാൻ ജില്ലാ സെന്ററിന്റെ നിർദ്ദേശം പോയതോടെ അഭ്യൂഹങ്ങൾ പ്രചരിച്ചു. ഉമാ തോമസിനെ പ്രഖ്യാപിച്ച രീതിക്കെതിരെ ഉണ്ടായ ചില്ലറ അസ്വാരസ്യങ്ങൾ മുതലെടുത്ത് കോൺഗ്രസിൽ നിന്ന് ആരെയോ അടർത്തിയെടുക്കാനുള്ള സി.പി.എം തന്ത്രമായും വ്യാഖ്യാനിക്കപ്പെട്ടു. വൈകിട്ടോടെ, ആകാംക്ഷ അമ്പരപ്പിന് വഴി മാറി.
ഡോ. ജോ ജോസഫ് എൽ.ഡി.എഫ് സ്ഥാനാർത്ഥി
കൊച്ചി: ഒന്നര പകലും ഒരു രാത്രിയും നീണ്ട ചർച്ചകൾക്കും നാടകീയതയ്ക്കൊടുവിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം അണികൾക്കുൾപ്പെടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാണ് ഡോ. ജോ. ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച അഡ്വ. കെ.എസ്. അരുൺകുമാറിനെ വെട്ടിയ സംസ്ഥാന നേതൃത്വം പൊതുസ്വീകാര്യനായ സ്ഥാനാർത്ഥി മതിയെന്ന് അറിയിച്ചിരുന്നു. നഗരത്തിലെ ഇടത് അനുഭാവിയായ പ്രമുഖ ഡോക്ടറെ സമീപിച്ചെങ്കിലും മത്സരിക്കാൻ തയ്യാറായില്ല. അദ്ദേഹമാണ് ഡോ. ജോ ജോസഫിനെ നിർദ്ദേശിച്ചത്.
പാർട്ടി വോട്ടുകൾക്കൊപ്പം പൊതുവോട്ടുകളും സമാഹരിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിലുണ്ട്. കൂടാതെ സിറോ മലബാർ സഭയുടെ ആശുപത്രിയിലെ ഡോക്ടറെന്നതും, മണ്ഡലത്തിലെ 37 ശതമാനം വരുന്ന ക്രൈസ്തവ വോട്ടുകളെ ആകർഷിക്കാമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. ബുധനാഴ്ച രാത്രി തന്നെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചെങ്കിലും പുറത്താകാതെ സൂക്ഷിച്ചു. സ്പീക്കർ എം.ബി. രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതും, ജനകീയ ഡോക്ടറെന്ന വിശേഷണവും ജോ ജോസഫിന് അനുകൂലമായി.
ഇന്നലെ രാവിലെ ലെനിൻ സെന്ററിൽ ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തുടങ്ങിയവർ കൂടിക്കാഴ്ച നടത്തി. ഘടകകക്ഷികളുമായും സി.പി.എം വിവരം പങ്കുവച്ചു. 3.15ന് ഇ.പി. ജയരാജൻ പ്രഖ്യാപനം നടത്തി.