
പാറശാല: പിന്തുടർന്ന് ശല്യം ചെയ്‌തെന്നും, സോഷ്യൽ മീഡിയിലൂടെ അപകീർത്തിപ്പെടുത്തി എന്നുമുള്ള നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് മഞ്ജു നൽകിയ പരാതിയിൽ പാറശാലയിൽ നിന്നാണ് നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശിയായ സനൽകുമാർ പിടിയിലായത്.
ഇന്നലെ രാവിലെ 10.30ന് എറണാകുളം എളമക്കര സ്റ്റേഷനിൽ നിന്ന് മഫ്തിയിലെത്തിയ പൊലീസ് സംഘം പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സനൽകുമാറിനെ പിടികൂടിയത്. സനൽകുമാറും സഹോദരിമാരുമുൾപ്പെടുന്ന സംഘം കാറിൽ പാറശാലക്ക് സമീപത്തെ കുടുംബ ക്ഷേത്രത്തിലേക്ക് പോകവേ, പൊലീസ് സംഘം പിന്തുടർന്നെത്തി വാഹനം തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം എളമക്കര പൊലീസെത്തിയ സ്വകാര്യ ഇന്നോവ കാറിൽ എറണാകുളത്തേക്ക് കൊണ്ട് പോയി. ഭീഷണിപ്പെടുത്തൽ, ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ വീട്ടുതടങ്കലിലാണെന്നും ആരോപിച്ച് സനൽകുമാർ കഴിഞ്ഞയാഴ്ച ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു.
നാടകീയരംഗങ്ങൾ, ഫേസ്ബുക്ക് ലൈവും
സനൽകുമാറിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പാറശാലയിൽ നാടകീയ രംഗങ്ങളാണുണ്ടായത്. മഫ്തിയിലായതിനാൽ പൊലീസാണെന്ന് സനൽകുമാർ ആദ്യം തിരിച്ചറിഞ്ഞില്ല. തുടർന്ന് കാറിലിരുന്ന് ഫേസ്ബുക്ക് ലൈവിട്ടു. 'എനിക്ക് വധ ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം വേണം. കേരളത്തിലെ ഒരു വിംഗ് എന്നെ കൊല്ലാൻ നടക്കുകയാണ്, എന്താണ് എനിക്കെതിരായ കേസെന്ന് അറിയണം" എന്നൊക്കെയായിരുന്നു ലൈവിലൂടെ സനൽകുമാർ ആവശ്യപ്പെട്ടത്.