
തിരുവനന്തപുരം: സൂചനാ പണിമുടക്കിൽ പങ്കെടുക്കാത്ത കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) സഹായത്തോടെ ഇന്ന് പരമാവധി സർവീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തീരുമാനം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും. പ്രധാന സർവീസുകളുൾപ്പെടെ മുടങ്ങില്ലെന്ന മാനേജ്മെന്റിന്റെ കണക്കു കൂട്ടൽ.
മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ പണിമുടക്കിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആദ്യമേ ഉയർത്തിയത് ടി.ഡി.എഫായിരുന്നു. ശമ്പളത്തിനുള്ള പണമില്ലെന്നും ഇരുപതോടെ നൽകാൻ കഴിയുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയച്ചപ്പോൾ ബി.എം.എസ് നേതാക്കളും എതിർത്തു.
തുടർന്ന് ശമ്പളം പത്തിനുനൽകാമെന്നും 11ന് മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം അദ്ദേഹവുമായി ചർച്ച നടത്തി ശാശ്വത പരിഹാരം കണ്ടെത്താമെന്നും ആന്റണി രാജു അറിയിച്ചു. അടുത്ത മാസത്തെ ശമ്പളം അഞ്ചിന് മുമ്പ് നൽകാമെന്ന് ഉറപ്പ് നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. തുടർന്ന് പണിമുടക്കിൽ ഉറച്ചുനിൽക്കാൻ ടി.ഡി.എഫും ബി.എം.എസും തീരുമാനിച്ചു. ഹരികൃഷ്ണൻ, വിനോദ്, ഗോപാലകൃഷ്ണൻ (സി.ഐ.ടി.യു), ആർ. ശശിധരൻ, ജയകുമാരി (ടി.ഡി.എഫ്), അജയകുമാർ, കെ.എൽ. രാജേഷ് (ബി.എം.എസ്) എന്നിവരാണ് ചർച്ചയ്‌ക്കെത്തിയത്.