
ഡോ.ജോ ജോസഫിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിന്റെ പേര് പരിഗണനയ്ക്കെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിർദ്ദേശം കണക്കിലെടുത്തെന്ന് വിവരം. ഡോ. ജോ ജോസഫിനെ സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിട്ടു. നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോക്ടറെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യ സ്നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിന് കഴിയും. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോയുടെ ദൃശ്യം മലയാളികൾ ആവേശപൂർവം ഏറ്റെടുത്തിരുന്നു.. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങൾ കാഴ്ച വച്ചു.തന്റെ അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ അദ്ദേഹത്തെ സർവഥാ യോഗ്യനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടർമാരുടെ
അങ്കത്തട്ട്
പ്രത്യേക ലേഖകൻ
കൊച്ചി: 2021ൽ ഡോ. ജെ. ജേക്കബ്. 2022ൽ ഡോ. ജോ ജോസഫ്. കഴിഞ്ഞ തവണ സ്വതന്ത്രനെങ്കിൽ, ഇക്കുറി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ. തൃക്കാക്കര പിടിക്കാൻ വീണ്ടും ഡോക്ടറെ ഇറക്കുകയാണ് എൽ.ഡി.എഫ്. ലിസി ആശുപത്രിയിലെ ഹൃദ്റോഗവിഭാഗത്തിലാണ് ഡോ. ജോ ജോസഫ് അഞ്ചു വർഷമായി പ്രവർത്തിക്കുന്നത്. സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി. തോമസിനെതിരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോ.ജെ. ജേക്കബാണ് മത്സരിച്ചത്. സ്പോർട്സ് മെഡിസിനിലും വിദഗ്ദ്ധനായ അദ്ദേഹം ഫുട്ബാൾ കളിക്കാരനുമായിരുന്നു. ഫുട്ബാളായിരുന്നു ചിഹ്നവും. പതിവ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായി പാന്റും ഷർട്ടും ടീ ഷർട്ടും ധരിച്ചാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്.
തൃക്കാക്കരയുടെ ആസ്ഥാനമായ കാക്കനാട്ട് ഇന്നലെ ഡോ. ജോ ജോസഫ് പ്രചാരണം ആരംഭിച്ചതും പാന്റും ഇൻസെർട്ട് ചെയ്ത ഷർട്ടും ധരിച്ചാണ്. സോഷ്യൽ മീഡിയയിൽ ഇന്നലെ സി.പി.എമ്മിന്റെ പോസ്റ്റുകളിലുംഡോക്ടർ വേഷത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച ചിത്രമായിരുന്നു.