1

വിഴിഞ്ഞം: കുട്ടികളിലെ സർഗവാസന തിരിച്ചറിയാൻ വെക്കേഷൻ ഒഴിവാക്കി പരിശീലനം ക്യാമ്പ്. വെങ്ങാനൂർ ചാവടിനട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് 'ഒരുക്കം 2022' എന്ന പേരിൽ വിവിധ പരിശീലനങ്ങൾ നൽകുന്നത്. മൂന്നാം ക്ലാസ് മുതൽ 9 വരെയുള്ള തിരഞ്ഞെടുത്ത 90 ഓളം കുട്ടികൾക്കാണ് ഇപ്പോൾ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നത്.

അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ഈ പരിശീല പരിപാടികളിൽ മികവ് പുലർത്തുന്ന കുട്ടികളെ തിരഞ്ഞെടുത്ത് തുടർച്ചയായി പരിശീലനവും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് പി.ടി.എ പ്രസിഡന്റ് പ്രവീൺ പറഞ്ഞു. രാവിലെ 7 മുതൽ കിളിത്തട്ട് എന്ന പേരിൽ കായിക പരിശീലനം കൂടാതെ കേളികൊട്ട് ഭാഗമായി വിവിധ നാടൻ കലാ - കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനം, പാടത്തേക്ക് യാത്ര തുടങ്ങിയവയും ഉണ്ട്. പാഠ്യവിഷയമല്ലെങ്കിലും മൂന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഹിന്ദി ക്ലാസ് നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്കായി സംസ്കൃതം ക്ലാസ് ഉടൻ ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം സ്പോൺസർമാരുടെ സഹായത്തോടെ ഭക്ഷണവും നൽകുന്നുണ്ട്.