
കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും നാവായിക്കുളത്തും മടവൂരും വ്യാപക നാശം.വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു.നാവായിക്കുളത്ത് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. അഞ്ചോളം സ്ഥലത്ത് മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി.കല്ലമ്പലം, നാവായിക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ ലൈനുകൾ പൊട്ടി വീണതുമൂലം വൈദ്യുതി ബന്ധം താറുമാറായി.കൃഷികൾക്ക് വ്യാപക നാശം സംഭവിച്ചു.മടവൂർ മാർക്കറ്റ് ജംഗ്ഷനിൽ വിജയ് ഭവനിൽ വിജയകുമാരക്കുറുപ്പിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് സമീപത്തുള്ള ശ്രീരംഗം വീട്ടിൽ ശശിധരന്റെ കെട്ടിടത്തിന്റെ മുകളിൽ പതിച്ചു.കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മേൽക്കൂര മുറിച്ചുമാറ്റി അപകടം ഒഴിവാക്കി.