
നെടുമങ്ങാട്: നഗരസഭ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിച്ച ആധുനിക ടോയ്‌ലെറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി ടേക്ക് എ ബ്രേക്കിന്റെ ഭാഗമായാണ് നെടുമങ്ങാട് നഗരസഭ 20 ലക്ഷം രൂപ വിനിയോഗിച്ച് പൊതുടോയ്‌ലെറ്റിന്റേയും വിശ്രമ മുറിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ, പി.വസന്തകുമാരി, എസ്.അജിത,എസ്.സിന്ധു, കൗൺസിലർമാരായ പൂങ്കുംമൂട് അജി,വിനോദിനി,നഗരസഭ സെക്രട്ടറി എസ്.അബ്ദുൽ സജിം തുടങ്ങിയവർ പങ്കെടുത്തു. ഇക്കഴിഞ്ഞ 27ന് പനയ്ക്കോട് നിന്ന് കിഴക്കേകോട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ മന്നൂർക്കോണം സ്വദേശിയായ യാത്രക്കാരി ചലനമില്ലാതെ ഇരിക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച സംഭവത്തിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ എ.സലീമിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.