1

പോത്തൻകോട് : മതനിരപേക്ഷതയുടെ സന്ദേശമാണ് ശാന്തിഗിരിയിൽ ഉയരുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ശാന്തിഗിരിയിലെ 23-ാമത് നവഒലി ജ്യോതിർദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ളതായിരുന്നു ഗുരുവിന്റെ ദീർഘവീക്ഷണം. ഭാരതീയ ചികിത്സാവിഭാഗങ്ങളിൽ ഒന്നായ സിദ്ധയെ തെക്കൻ തിരുവിതാംകൂറിൽ പ്രചരിപ്പിക്കുന്നതിൽ കരുണാകരഗുരു വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായി. മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിഗിരി ആശ്രമം നാടിന്റെ വെളിച്ചമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിശിഷ്ടാതിഥിയായിരുന്ന മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശാന്തിഗിരി കലാഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നടത്തി. വിദ്യാനിധി പദ്ധതി ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. വാഴൂർസോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖയെ ചടങ്ങിൽ ആദരിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ്,ശിവഗിരി ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ, ഫാ.ജോസ് കിഴക്കേടം, എൻ.പീതാംബരക്കുറുപ്പ്, കെ.എസ്. ശബരീനാഥൻ, സംവിധായകൻ കെ. മധുപാൽ, ഡോ.ഫൈസൽഖാൻ, കുതിരകുളം ജയൻ, മാങ്കോട് രാധാകൃഷ്ണൻ, അഡ്വ.എം.ലിജു, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ഡോ.ജേക്കബ് തോമസ്, അഡ്വ.എം.മുനീർ,ബാലമുരളി, ആർ.ശിവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ സ്വാഗതവും അഡ്വ.എസ്.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. രാവിലെ 5 ന് സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് പ്രാർത്ഥനാചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് 5 ന് ദീപ പ്രദക്ഷിണത്തോടെ നവഒലി ജ്യോതിർദിന ആഘോഷപരിപാടികൾ സമാപിച്ചു.