ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം ശക്തമായപ്പോഴും ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് അഞ്ച് സർവീസുകൾ നടത്തി. 24 സ്ഥിരം ജീവനക്കാരും ആറ് താല്കാലിക ജീവനക്കാരും ഹാജരായിരുന്നു. ആവശ്യത്തിന് ബസുകളോടാതിരുന്നത് യാത്രക്കാരെ വലച്ചു. ആറ്റിങ്ങൽ തിരുവനന്തപുരം റൂട്ടിലാണ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് പ്രധാനമായും സർവീസ് നടത്തിയത്. നെടുമങ്ങാട്ടേക്ക് ഒരു സർവീസ് നടത്തി. വർക്കല തിരുവനന്തപുരം ബോണ്ട് സർവീസ് കൂടാതെ ഒരു ഫാസ്റ്റും മൂന്ന് ഓർഡിനറിയുമാണ് ഓടിയത്. ഓർഡിനറികളിലൊന്ന് ബൈപ്പാസ് വഴിയും മറ്റുള്ളവ കാര്യവട്ടം ഉള്ളൂർ വഴിയും സർവീസ് നടത്തി.
വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബോണ്ട് സർവീസ് ആറ്റിങ്ങൽ ഡിപ്പോയിൽ കയറാതെ പോയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാരായ സ്ഥിരം യാത്രക്കാർ അധിക തുക നല്കിയാണ് ബോണ്ട് സർവീസിൽ യാത്ര ചെയ്യുന്നത്. ബോണ്ട് ബസിൽ ആറ്റിങ്ങലിൽ നിന്നുള്ള യാത്രക്കാരോട് എൽ.ഐ.സി ഓഫീസിന് സമീപം നില്ക്കാൻ ബസ് ജീവനക്കാർ നിർദ്ദേശിച്ചിരുന്നതായാണ് സൂചന. ഇതനുസരിച്ച് യാത്രക്കാരെല്ലാം ഇവിടെ കാത്ത് നിന്നു. വർക്കലയിൽ നിന്ന് യാത്രക്കാരുമായി വന്ന ബസ് എൽ.ഐ.സി ജംഗ്ഷനിലെത്തി ആറ്റിങ്ങലിൽ നിന്നുള്ള യാത്രക്കാരെ കയറ്റി പോവുകയായിരുന്നു. ബോണ്ട് ബസിലെ യാത്രക്കാർക്കാർക്കും ബസ് കിട്ടിയില്ലെന്ന് പരാതിയുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം ബസ് ഡിപ്പോയിൽ കയറാതെ പോയതിന് കണ്ടക്ടറോട് എ.ടി.ഒ വിശദീകരണം തേടി.