car-accident

പാറശാല: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ തിരുപുറം പ്ലാന്തോട്ടം മൂച്ചുട്ടാൻവിള വീട്ടിൽ മുത്തുവിന്റെ മൂത്ത മകൻ പ്രശാന്ത് (25), ഇളയ മകൻ പ്രദീപ് (23), ഇവരുടെ സുഹൃത്ത് കന്യാകുമാരി സ്വദേശി ഇശക്കിയപ്പൻ (27) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.30ന് പാറശാല ആശുപത്രി ജംഗ്‌ഷനിലാണ് അപകടം നടന്നത്. കളിയിക്കാവിള ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിനെയും റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ബൈക്കുകളെയും ഇടിച്ചിട്ട ശേഷം സമീപത്തെ ജുവലറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികനായ പ്രശാന്തിന്റെ തോളെല്ലിന് പൊട്ടലും പ്രദീപിനും ഇശക്കിയപ്പനും ശരീരമാകെ ക്ഷതവും മുറിവുകളും ഏറ്റിട്ടുണ്ട്. പാറശാല പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തമിഴ്‌നാട് സ്വദേശിയും ജൂനിയർ ഡോക്ടറുമായ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.