പാലോട്: വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണത്തിൽ ഗ്രാമീണ മേഖലയിലെ ജനജീവിതം ദുരിതത്തിൽ. കാട്ടാന ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടമായതിന് പുറമേ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ സ്ഥാപിച്ചിരുന്നു. അഞ്ച് വർഷത്തിനിടയിൽ വിതുര പഞ്ചായത്തിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴാണ്.
വന്യമൃഗ ശല്യം ഒഴിവാക്കാൻ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ബഡ്ജറ്റുകളിൽ പ്രഖ്യാപിക്കുമെങ്കിലും ഒന്നും നടപ്പായിട്ടില്ല. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളായ കൊന്നമൂട് കാട്ടിലക്കുഴി, ചെന്നല്ലിമൂട്,മുത്തുകാണി പ്രദേശത്തേ കാട്ടുമൃഗശല്യത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) പരിശോധന നടത്തി. ഇവിടങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും മൃഗങ്ങളെ കണ്ടെത്തിയില്ല.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനകൾ വ്യാപകമായി ജനവാസ മേഖലയിൽ ഇറങ്ങി ശല്യം ഉണ്ടാക്കുന്നതായി ആദിവാസികൾ പറയുന്നു. ആനക്കൂട്ടത്തിനു മുന്നിൽ സ്കൂൾ കുട്ടികൾ എത്തിപ്പെട്ടതും കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെട്ടതും കുറച്ചു നാളുകൾക്ക് മുൻപാണ്.കാട്ടുപോത്തുകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളും നിരവധിയാണ്. പാലോട് ഫോറസ്റ്റ് ഓഫീസിന് കീഴിൽ ഒരു ആർ.ആർ.ടി യൂണിറ്റ് സ്ഥിരമായി വേണമെന്നുള്ള ജനപ്രതിനിധികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പാലോട്ട് ആർ.ആർ.ടി യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്.