തിരുവനന്തപുരം: ടിക്കറ്റെടുക്കാൻ നൽകിയതിൽ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ മർദ്ദിച്ചെന്ന് ആരോപണം. പേരൂർക്കടയിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ഒരു രൂപ നൽകാത്തതിന് കണ്ടക്ടറും ക്ലീനറും ചേർന്ന് യാത്രക്കാരനെ മർദ്ദിക്കുന്നതിന്റെ വീഡിയോ യാത്രക്കാരിലാരോ പകർത്തിയിരുന്നു. ഈ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.

നിസാരം ഒരു രൂപയല്ലേ എന്ന് യാത്രക്കാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും ' ബസിൽ നിന്ന് ഇറങ്ങെടാ' എന്ന് ആക്രോശിച്ച് ജീവനക്കാർ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ ടിക്കറ്റ് എടുക്കാത്തതെന്തെന്ന് ചോദിച്ചപ്പോൾ തന്നെ യാത്രക്കാരൻ മർദ്ദിച്ചെന്നാരോപിച്ച് കണ്ടക്ടർ സുനിൽ പേരൂർക്കട പൊലീസിൽ പരാതി നൽകി. എന്നാൽ യാത്രക്കാരൻ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.