നെയ്യാറ്റിൻകര : താലൂക്കിലെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിലായി 214 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ റവന്യൂ കമ്മിറ്റി തീരുമാനിച്ചു. നെയ്യാറ്റിൻകര മണ്ഡലത്തിലെ 69 കുടുംബങ്ങൾക്കും പാറശ്ശാലയിൽ 111, കോവളം മണ്ഡലത്തിലെ 34 പേർക്കുമാണ് പട്ടയം അനുവദിച്ചിട്ടുളളത്. ഇതിൽ 204 സാധാ പട്ടയവും 10 എണ്ണം ലാൻഡ്‌ ട്രൈബ്യൂണൽ പട്ടയവുമാണ്. നെയ്യാറ്റിൻകര-3, പാറശ്ശാല-1, കോവളം-6 എന്നിങ്ങനെയാണ് ലാൻഡ് ട്രൈബ്യൂണൽ പട്ടയം അനുവദിച്ചിട്ടുളളത്. സ്വന്തമായി വീടില്ലാതെ പുറമ്പോക്കിലും മറ്റും കാലങ്ങളായി കഴിയുന്നവരുടെ നിരന്തരമുളള അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം. ഈ മാസം പട്ടയമേള സംഘടിപ്പിച്ച്‌ വിതരണം ചെയ്യാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. നെയ്യാറ്റിൻകര മണ്ഡലത്തിൽ നഗരസഭയിലെ പവിത്രാനന്ദപുരം കോളനിയിലെ 30 കുടുംബങ്ങൾക്കും പൊഴിയൂരിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം 36 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പട്ടയം നൽകും. നെയ്യാറ്റിൻകര നഗരസഭയിലെ കൂട്ടപ്പന വാർഡിലെ പവിത്രാനന്ദപുരം കോളനിയിൽ 35 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. 1978-ൽ സർക്കാർ രണ്ടര ഏക്കർ സ്ഥലം പൊന്നുംവിലയ്ക്കെടുത്താണ് ഇവിടെ കോളനി സ്ഥാപിച്ചത്. എന്നാൽ കോളനിയിലെ താമസക്കാർക്ക് പട്ടയം നൽകിയിരുന്നില്ല. പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ള നഗരസഭാ പരിധിയിലെ വിവിധ കോളനികളായ പവിത്രാനന്ദപുരം, ചെമ്പകപ്പാറ, കടവംകോട്, ചായ്ക്കോട്ടുകോണം എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 3 മാസം മുമ്പ് നഗരസഭാ കൗൺസിലിന്റെ ഒന്നാം വാർഷിക ദിനത്തിൽ നഗരസഭ ചെയ‌ർമാൻ പി.കെ. രാജമോഹനന്റെ നേതൃത്വത്തിൽ തഹസിൽദാർ ശോഭാസതീഷുമായി ചർച്ച നടത്തിയിരുന്നു. ഓരോ കുടുംബത്തിനും അഞ്ച് സെന്റിന്റെ പട്ടയമാണ് ലഭിക്കുക. സർക്കാരിന്റെ 100 ദിന പരിപാടികളോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ശേഷിക്കുന്ന അപേക്ഷകളിൽ സമയ ബന്ധിതമായി തീരുമാനം എടുക്കുമെന്നും കെ. ആൻസലൻ എം.എൽ.എ പറഞ്ഞു.