കല്ലമ്പലം:വാർഡ്‌ മെമ്പർ രാജിവച്ചതിനെതുടർന്ന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന് വാർഡിൽ പ്രചാരണരംഗം കൊഴുത്തു.പഞ്ചായത്ത്‌ ഭരണത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത്. 17 നാണ് വോട്ടെടുപ്പ്.എൽ.ഡി.എഫിനു വേണ്ടി സി.പി.എമ്മിലെ സവാദ്,യു.ഡി.എഫിനു വേണ്ടി കോൺഗ്രസിലെ ബി.രാമചന്ദ്രൻ,എസ്.ഡി.പി.ഐക്കു വേണ്ടി എം.നാസറുദ്ദീൻ,എൻ.ഡി.ഐക്കുവേണ്ടി ബി.ജെ.പിയിലെ ഐ.ആർ.രാജീവ്‌ എന്നിവരാണ് മത്സര രംഗത്തുള്ളത്.എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്.വാർഡ്‌ മെമ്പർ പോക്സോ കേസിൽ പ്രതിയാകുകയും രാജിവയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് 9,യു.ഡി.എഫ് 8,എൻ.ഡി.എ 5 എന്നാണ് നിലവിലെ കക്ഷിനില.ഒരു സീറ്റിന്റെ പിൻബലത്തിൽ ഏറ്റവും വലിയ കക്ഷിയായ എൽ.ഡി.എഫ് ഭരണം തുടരവെയാണ് പോക്സോ കേസും വിവാദങ്ങളും മെമ്പറുടെ രാജിയുമുണ്ടായത്. ഇതോടെ എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിലാണ്.ഇരു മുന്നണികൾക്കും മരുതിക്കുന്നിലെ വിജയം നിർണായകമാണ്.മുൻ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 465 ഉം എസ്. ഡി.പി.ഐക്ക് 435 ഉം,ബി.ജെ.പിക്ക് 375 ഉം,യു.ഡി.എഫിന് 195 ഉം വോട്ടാണ് ലഭിച്ചത്.മുൻ വർഷങ്ങളിൽ മത്സരിച്ച്‌ പരാജയപ്പെട്ടവർ ഉൾപ്പെടെ മത്സര രംഗത്തുണ്ട്. 30 വോട്ടിന് രണ്ടാം സ്ഥാനത്തായ എസ്.ഡി.പി.ഐ ഇക്കുറി പഞ്ചായത്തിൽ അക്കൗണ്ട്‌ തുറക്കാനുള്ള പോരാട്ടത്തിലാണ്.എൽ.ഡി.എഫ് ഭരണം നിലനിറുത്താനും യു.ഡി.എഫ് ഭരണം തിരിച്ചു പിടിക്കാനും ബി.ജെ.പി അംഗബലം കൂട്ടാനും വാർഡിൽ മുഴുനീളെ പ്രവർത്തനം തുടരുകയാണ്.മരുതിക്കുന്നിലെ വിജയം അഭിമാനപോരാട്ടമായി കാണുന്നതിനാൽ എല്ലാ പാർട്ടിയിലെയും നേതാക്കൾ വാർഡിലെത്തി ഇലക്ഷൻ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട്.