p

തിരുവനന്തപുരം : നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള കമ്മ്യൂണിറ്റി ഹെൽത്ത് പേപ്പർ ആരു പഠിപ്പിക്കണമെന്ന തർക്കം തെരുവിൽ സമരത്തിലെത്തി. പബ്ലിക്ക് ഹെൽത്ത് നഴ്സുമാരും സ്റ്റാഫ് നഴ്സുമാരുമാണ് ഏറ്റുമുട്ടുന്നത്.

എട്ട് പബ്ലിക്ക് ഹെൽത്ത് നഴ്സുമാർക്ക് സ്ഥാനക്കയറ്റം നൽകി അദ്ധ്യാപകരായി നിയമിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഏപ്രിൽ 24ന് ഇറക്കിയ ഉത്തരവ് സ്റ്റാഫ് നഴ്‌സുമാരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്ന് 27ന് മരവിപ്പിച്ചു. ഇതോടെ എട്ടു പേരും ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരവും തുടങ്ങി.

ജെ.പി.എച്ച്.എൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലും നഴ്സിംഗ് കോളേജുകളിലും കമ്മ്യൂണിറ്റി ഹെൽത്ത് പഠിപ്പിക്കാൻ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരെ മാത്രം നിയോഗിക്കണമെന്ന് 1998ൽ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ റൂളിറക്കിയതോടെയാണ് അടി തുടങ്ങിയത്. അതിന് മുമ്പ് ഈ വിഷയം പഠിപ്പിക്കാൻ ഇരുവിഭാഗത്തെയും 1:1എന്ന അനുപാതത്തിലാണ് നിയമിച്ചിരുന്നത്.

സ്‌‌പെഷ്യൽ റൂളിന്റെ അടിസ്ഥാനത്തിൽ 2000ൽ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർക്ക് കൂട്ടത്തോടെ സ്ഥാനക്കയറ്റം നൽകിയപ്പോൾ കേസ് ഹൈക്കോടതിയിലെത്തി. എന്നാൽ നിയമനത്തിന് കോടതി അനുമതി നൽകുകയായിരുന്നു.

ബി.എസ്.സി നഴ്സിംഗ് പാസായവരാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നാണ് സ്റ്റാഫ് നഴ്സ് വിഭാഗത്തിന്റെ വാദം. എന്നാൽ കമ്മ്യൂണിറ്റി ഹെൽത്ത് പഠിപ്പിക്കാൻ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരാണ് യോഗ്യരെന്നാണ് എതിർവാദം.

36

‌പബ്ലിക്ക് ഹെൽത്ത് നഴ്സുമാർക്കുള്ള

ആകെ അദ്ധ്യാപക തസ്തിക

25

ജെ.പി.എച്ച്.എൻ ഇൻസ്റ്റിറ്റ്യൂട്ടിലും

അനുബന്ധ സ്ഥാപനങ്ങളിലും

11

ഗവ.നഴ്സിംഗ് കോളേജുകളിൽ


'പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാർക്ക് ലഭിക്കേണ്ട അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നത് അനീതിയാണ് '

-രേണുകുമാരി.എസ്

ജനറൽ സെക്രട്ടറി

ഗവ.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സസ്

യൂണിയൻ


'വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് യോഗ്യതയുള്ളവരാണ്. അല്ലെങ്കിൽ അവരുടെ ഭാവിയെ ബാധിക്കും '

-സുബ്രഹ്മണ്യൻ,

ജനറൽ സെക്രട്ടറി,

കേരള ഗവ.നഴ്‌സസ് അസോസിയേഷൻ