
നെടുമങ്ങാട് :വീടിനു സമീപത്തെ പുരയിടത്തിൽ നിന്ന് തെങ്ങ് വീടിന്റെ മുകളിൽ ഒടിഞ്ഞു വീണ് ആനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 2 മണിക്കാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന മന്നൂർക്കോണം കുന്നത്തുമല ഷീല (45)ക്കാണ് തലയ്ക്കു പരിക്കേറ്റത്. തെങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂരയുടെ ഷീറ്റ് പൊട്ടി ഒരുഭാഗം ഇവർ കിടന്നുറങ്ങിയ കട്ടിലിനു മുകളിൽ വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ഇവരുടെ ഭർത്താവ് സെബാസ്റ്റ്യൻ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. അപകടപരമായ നിലയിൽ നിൽക്കുകയായിരുന്ന ഈ തെങ്ങിനെ മുറിച്ചുമാറ്റാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഉടമ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.