ആ​റ്റിങ്ങൽ: താലൂക്കിൽ ദേശീയപാതയോരത്തും ഇടറോഡുകളിലും ലൈസൻസ് ഇല്ലാത്ത ഭക്ഷണവില്പനകേന്ദ്രങ്ങൾ പെരുകുന്നതായി പരാതി. ഇവിടങ്ങളിൽ പരിശോധനകളും നടപടികളും നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഭക്ഷ്യവിഷബാധയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമാകുമ്പോഴും ചിറയിൻകീഴ് താലൂക്കിൽ പരിശോധനകൾ നടത്താൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ആ​റ്റിങ്ങൽ നഗരസഭയിലെ ആരോഗ്യവിഭാഗം മാത്രമാണ് വല്ലപ്പോഴുമെങ്കിലും പരിശോധന നടത്തുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പോ ആരോഗ്യവകുപ്പോ ഗ്രാമപഞ്ചായത്തുകളോ ഇവിടെ പരിശോധനകൾ നടത്തി വേണ്ട നടപടിസ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.

ദേശീയപാതയുൾപ്പെടെ എല്ലാ പ്രധാനറോഡുകളിലും ലൈസൻസില്ലാത്ത ഭക്ഷണവില്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് നിശ്ചിതകേന്ദ്രങ്ങളിൽ പാർക്ക് ചെയ്ത് വില്പന നടത്തുന്നുമുണ്ട്. വാങ്ങുന്ന ഭക്ഷണത്തിന് ബില്ലോ മ​റ്റ് നിയമപരമായ രേഖകളോ നൽകാനില്ല. ഇത്തരത്തിൽ വാങ്ങുന്ന ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പരാതിപ്പെടാനും കഴിയില്ല. വാഹനങ്ങൾ വഴി വിൽക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം അറിയാത്തതിനാൽ പരിശോധിക്കാനും കഴിയില്ല.

ഗുണനിലവാരം പരിശോധിക്കണം

ഒഴിഞ്ഞ പ്രദേശങ്ങളിൽ വീടുകൾ വാടകയ്‌ക്കെടുത്ത് പലഹാരങ്ങളുണ്ടാക്കി ഹോട്ടലുകളിലുൾപ്പെടെ വിതരണം നടത്തുന്ന സംഘങ്ങൾ താലൂക്കിൽ സജീവമാണ്. ഇഡലി, ഇടിയപ്പം, ദോശ, അപ്പം എന്നിവയും എണ്ണപ്പലഹാരങ്ങളും ഇത്തരത്തിൽ വിതരണം ചെയ്യുകയാണ്. കടകളിൽ വില്ക്കുന്നതിനേക്കാൾ രണ്ട് രൂപ കുറച്ചാണ് ഈ സംഘങ്ങൾ ഇവ നല്കുന്നത്. പാടുപെടാതെ ഭക്ഷണ സാധനങ്ങൾ കച്ചവടം നടത്താനും ലാഭം ഉണ്ടാക്കാനും കഴിയുന്നതിനാൽ ചെറുകിട ഹോട്ടലുകാർ പോലും ഇവരെയാണ് ആശ്രയിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവ കണ്ടെത്തുന്നതിനോ പരിശോധിക്കുന്നതിനോ അധികൃതർ ശ്രമം നടത്തിയിട്ടില്ല.

നഗരപ്രദേശത്തും ഗ്രാമപ്രദേശങ്ങളിലും ഹോട്ടലുകളിലും ബേക്കറികളിലും ഷവർമയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന ധാരാളം കേന്ദ്രങ്ങൾ ഉണ്ട്. ഇവ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം അധികൃതർ പരിശോധിക്കാറില്ല.